maniyanpilla-raju-

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരാണ് പരാതി നിരത്തുന്നത്. ബോർഡിനെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം മണിയൻ പിള്ള രാജു ഉന്നയിച്ചത്. എന്നാൽ ബില്ലിംഗ് രീതിയിൽ അപാകതയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. വെറും അഞ്ചുശതമാനം പേർക്കുമാത്രമാണ് അധികബിൽ കിട്ടിയതെന്നാണ് വൈദ്യുതബോർഡ് ചെയർമാൻ എൻ.എസ് പിള്ള പറയുന്നത്. ഒരു സ്വകാര്യചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറിയെന്നും ഇത് തീവെട്ടി കൊള്ളയാണെന്നും ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നുമായിരുന്നു മണിയൻപിള്ള രാജുവിന്റെ ആരോപണം.


എന്നാൽ മണിയൻ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ മാത്രമാണ് നൽകിയതെന്നും ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാൽ മുൻ ബിൽ തുകയുടെ ശരാശരിയാണ് ബില്ലായി നൽകിയതെന്നുമാണ് ചെയർമാൻ പറയുന്നത്. താരത്തിന്റെ വീട്ടിലേക്ക് ആൾക്കാരെ അയച്ച് വിശദീകരിക്കാൻ തയ്യാറാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിയുമാതി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബിൽ തുക അകാരണമായി കൂടിയിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ കുറവുചെയ്യുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. നടനും സംവിധായകനുമായ മധുപാലും ഉയർന്ന ബില്ലാണ് ലഭിച്ചതെന്ന് പരാതി പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും പരാതിയുമായി എത്തി.


ലോക്ക്ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിംഗ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ലോക്ക്ഡൗൺകൂടി വന്നതോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ കാണുന്നതെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ ഉപഭോക്താക്കൾ ഒരുക്കമല്ല. പലയിടത്തും 70 ദിവസം കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ ഒട്ടുമിക്കവർക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു.