നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 146 ആയി. മഹാരാഷ്ട്രയിൽ നിന്നു വന്ന പാകോട് സ്വദേശിയും പട്ടാളക്കാരനുമായ 34 വയസുകാരൻ,മുംബൈയിൽ നിന്നെത്തിയ പദ്മനാഭപുരം സ്വദേശിയായ 28കാരൻ,ചെന്നൈയിൽ നിന്നെത്തിയ കുമാരപുരം സ്വദേശിയായ ഇരുപത്തിനാലുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കളിയിക്കാവിളയിലാണ് ഇവരെ പരിശോധിച്ചത്. സ്രവ സാമ്പിളുകൾ എടുത്ത ശേഷം ഇവരെ ക്വാറന്റൈൻ ചെയ്തു.പരിശോധന ഫലം കിട്ടിയതിനെ തുടർന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ ഇതു വരെ 87 പേരാണ് രോഗമുക്തി നേടിയത്.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 57പേർ ചികിത്സയിലുണ്ട്.