തിരുവനന്തപുരം: നാട്ടിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സർക്കാർ ഉപേക്ഷിച്ചേക്കും. പ്രവാസി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തെ തുടർന്നാണിത്. നിബന്ധന ഒഴിവാക്കുമെന്ന് പ്രവാസി സംഘടനകൾക്ക് ഉറപ്പ് നൽകിയെന്നാണ് അറിയുന്നത്.
കേന്ദ്രസർക്കാരുമായി ആലോചിച്ച് നിലപാട് പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ വ്യക്തമാക്കി. ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചിട്ടുള്ള യോഗത്തിൽ ഇക്കാര്യം അറിയിക്കും. കേന്ദ്ര നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും.
ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48മണിക്കൂർ മുമ്പ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നോർക്കയുടെ പേരിൽ ഇറങ്ങിയ ഉത്തരവ്. സുരക്ഷ മുൻനിറുത്തിയാണ് ഇതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചെങ്കിലും സർട്ടിഫിക്കറ്റ് കർശനമാക്കിയാൽ നാട്ടിലെത്താനാവാതെ പ്രവാസികൾ വലയുമെന്നാണ് ആക്ഷേപം.
വന്ദേഭാരത് ദൗത്യത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. എന്നിട്ടും സംസ്ഥാന സർക്കാർ നിബന്ധന വയ്ക്കുകയായിരുന്നു. ഇറ്റലി, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കരുതണമെന്ന കേന്ദ്ര ഉത്തരവിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ സർക്കാർ തന്നെ സമാന നിബന്ധന കൊണ്ടുവന്നതാണ് വൈരുദ്ധ്യം.
വരാൻ എട്ടുലക്ഷം പേർ
812 ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി. ആദ്യഘട്ടത്തിൽ 220 വിമാനങ്ങളെത്തും. വന്ദേഭാരതിന്റെ 360 വിമാനങ്ങളും വരും. അഞ്ച് ലക്ഷത്തിലധികം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇനി നോർക്ക രജിസ്ട്രേഷൻ വേണ്ട. നേരിട്ട് എംബസിയിലാണ് രജിസ്റ്റർ ചെയ്യേണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ ലോകമെമ്പാടും നിന്ന് എട്ടുലക്ഷത്തോളം പേരാണ് വരാനുള്ളതെന്ന് നോർക്ക അധികൃതർ പറഞ്ഞു.
പ്രവാസികളുടെ ദുരിതം
യു.എ.ഇ. ഒഴികെയുള്ള ഗൾഫ് നാടുകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കില്ല
ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധനയ്ക്ക് വിധേയരാക്കൂ.
മിക്ക രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശാധനാസംവിധാനമില്ല
സംവിധാനമുള്ള സ്ഥലങ്ങളിൽ 8,000 മുതൽ 10,000 രൂപ വരെയാണ് ചെലവ്.
ജോലി നഷ്ടപ്പെട്ടും ജയിൽശിക്ഷകഴിഞ്ഞും മറ്റ് ബുദ്ധിമുട്ട് സഹിച്ചും നാട്ടിലെത്തുന്നവർക്ക് ഇത് അസാദ്ധ്യമാകും.
വന്ദേഭാരത് വിമാനത്തിലെത്താൻ 15,000 രൂപയെങ്കിൽ ചാർട്ടേഡ് വിമാനത്തിലെത്താൻ ചെലവ് 22,000
കൊവിഡ് പരിശോധനയ്ക്ക്
എംബസികൾ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്താൻ സാഹചര്യമില്ലാത്തവർക്ക് എംബസികളിൽ സൗജന്യടെസ്റ്റ് തരപ്പെടുത്തണം. പി.സി.ആർ ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.
കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ളൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ നിലപാട്
ഇരട്ടത്താപ്പ് :ചെന്നിത്തല.
ഗൾഫിൽ നിന്നു ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രി കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുന്നത്.
ടിക്കറ്റ് എടുത്തു വരാൻ കഴിയാത്ത പാവങ്ങളാണ് ചാർട്ടേഡ് വിമാനത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിൽ എത്തുന്നത്. അവരിൽ ഇനി കോവിഡ് ടെസ്റ്റ് കൂടി അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ്
ആവശ്യപ്പെടുന്നത് ക്രൂരത: മുല്ലപ്പള്ളി
ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ ഉത്തരവ് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രായോഗികവുമായ ഉത്തരവ് പിൻവലിക്കണം. കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ ഗൾഫിൽ പ്രയാസമാണ്. പ്രവാസി സംഘടനകളുടെ കാരുണ്യത്തിൽ നാട്ടിലെത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കരുത്: ഉമ്മൻചാണ്ടി
തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ വരുന്ന പ്രവാസികൾ 48 മണിക്കൂർ മുമ്പ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. സർക്കാരിന്റെ ഉത്തരവ് പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് അപ്രായോഗികവും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്. കൊവിഡിനെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങാൻ മൂന്നു ലക്ഷത്തിലധികം മലയാളികൾ കാത്തിരിക്കുന്നുണ്ട്. എന്നാൽ, ചാർട്ടേഡ് വിമാനങ്ങളിൽ വരാമെന്ന പ്രതീക്ഷയക്ക് മങ്ങലേല്പിക്കുന്നതാണ് പുതിയ ഉത്തരവ്. കൂടാതെ കൊവിഡ് ജാഗ്രത പുലർത്താൻ സാധിക്കുന്ന വിധത്തിൽ ഹോം ക്വാറന്റൈൻ സംവിധാനം നടപ്പാക്കുകയും വേണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.