മുംബയ്: ബോളിവുഡ് താരം സുശാന്തിസിംഗിന്റെയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയുടെയും ആത്മഹത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ദിഷ ജീവനൊടുക്കി അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് സുശാന്തിനെ മരിച്ചനിലയിൽ കണ്ടത്. ഇരുവരും തമ്മിൽ സാമ്പത്തികമോ അല്ലാതെയോ ഏതെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിയ്ക്കും.
ഇതുമായി ബന്ധപ്പെട്ട് സുഷാന്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും എന്നാണ് വിവരം. ജൂൺ എട്ടിനാണ് ദിഷയെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയിൽനിന്ന് ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്.പിന്നീടാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്.
സുശാന്ത് സിംഗിന് പുറമേ വരുൺ ശർമ്മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവരോടൊപ്പവും ദിഷ പ്രവർത്തിച്ചിരുന്നു. മുൻ മാനേജറുടെ മരണത്തെ തുടർന്ന് സുശാന്ത് കടുത്ത മനസിക സമ്മർദ്ദത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.