1

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്ന ഇന്നലെയെങ്കിലും പ്രാ‌ർത്ഥനയ്ക്ക് അധികം പേർ ഉണ്ടായിരുന്നില്ല. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാമെന്നും പരീക്ഷകൾ നടത്താമെന്നും സ‌ർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിശ്വാസികൾ കൂട്ടത്തോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നഗരത്തിലെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളും സി.എസ്.ഐ ചർച്ചുകളും തുറന്നെങ്കിലും പ്രതീക്ഷിച്ചത്ര വിശ്വാസികൾ എത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. പാളയം ഹനുമാൻ ക്ഷേത്രം, ശ്രീകണ്ഠേശ്വരം, തിരുവല്ലം പരശുരാമക്ഷേത്രം എന്നിവിടങ്ങളിൽ പതിവു പൂജകൾ നടന്നു. ഭൂരിഭാഗം മുസ്ലിം പള്ളികളും തുറന്നില്ല. രാവിലെ 7നും 8.30നും 10നും വെെകിട്ട് 4നുമാണ് സി.എസ്.ഐ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നത്. പാളയം എൽ.എം.എസ്, ബാർട്ടൺ ഹിൽ, മുട്ടട, ജഗതി, കരമന, പേരൂർക്കട എന്നിവടങ്ങളിലെ സി.എസ്.ഐ പള്ളികൾ ഞായറാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കായി തുറന്നു കൊടുത്തിരുന്നു. 10 വയസിന് താഴെയുള്ളവ‌ർക്കും 60ന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിച്ചില്ല. അസുഖങ്ങളുള്ളവരെയും മടക്കി അയച്ചു. പുരോഹിതരടക്കം എത്തിയത് കർ‌ശന മുൻകരുതലുകൾ പാലിച്ച് മുഖാവരണവും കെെയുറയും ധരിച്ചായിരുന്നു. 90പേർക്ക് വരെ കയറാമെന്ന് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക അറിയിച്ചിരുന്നെങ്കിലും ഒരേ സമയത്തെ പ്രാർത്ഥനയ്ക്കു 40 പേരു വീതമേ എത്തിയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പുരോഹിതരെയടക്കം സർ‌ക്കാർ നി‌ർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളിലേക്ക് പ്രവശേപ്പിച്ചത്. ജൂൺ എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നിരുന്നു.

സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് വളരെ ജാഗ്രതയോടെയാണ് പ്രാർത്ഥനകൾ നടത്തിയത്. സഭയുടെ നിർദ്ദേശങ്ങളുമുണ്ടായിരുന്നു. 90പേരെ അനുവദിച്ചിരുന്നെങ്കിലും എത്തിയത് വളരെ ചുരുക്കം വിശ്വാസികളായിരുന്നു.

-തമ്പി, എൽ.എം.എസ് മാറ്റർ മെമ്മോറിയൽ സി.എസ്.ഐ ചർച്ച്‌ അഡ്മിൻ