photo

പാലോട്: തെങ്കാശി ദേശീയപാതയിൽ ജവഹർ കോളനിക്ക് സമീപം റോഡരിൽ നിൽക്കുന്ന ആഞ്ഞിൽ മരം ഏതു നിമിഷവും റോഡിലേക്ക് വീഴുന്ന നിലയിലാണ്. റോഡ് വികസനത്തിനായ് മണ്ണ് മാറ്റുന്നതിനിടെ ആഞ്ഞിലിയുടെ വേരുകൾ പൂർണമായി നശിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലും പാങ്ങോട് പഞ്ചായത്തിലും നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മണ്ണിടിച്ചിൽ രൂക്ഷമായ ഈ പ്രദേശത്ത് മഴ ശക്തമാകുന്നതോടെ മരം കടപുഴകി വീഴാനുള്ള സാദ്ധ്യത ഏറെയാണ്. ആഞ്ഞിലിയുടെ ഒരു ശിഖരം 11 കെ.വി. ലൈനിൽ തട്ടി കരിഞ്ഞ നിലയിലുമാണ്. അധികാരികൾ അടിയന്തരമായി ഇടപെട്ട് മരം മുറിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.