prakash

നാഗർകോവിൽ: വ്യാജ ഇ-പാസിൽ ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് കാറിൽ യാത്രക്കാരെ കൊണ്ടുവന്ന ഡ്രൈവർ പിടിയിൽ. ചെന്നൈ സി.ഐ.ടി നഗർ സ്വദേശിയായ പ്രകാശ് (47) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കന്യാകുമാരി ജില്ലയിലെ വെള്ളിച്ചന്ത സ്വദേശിയായ സുരേഷ്‌കുമാർ ഭാര്യയുമായി ചെന്നൈയിൽ താമസിക്കുകയായിരുന്നു. ഭാര്യ ഗർഭിണിയായതിനെ തുടർന്ന് ഇവർ പാസ്‌ എടുത്ത് നാട്ടിലെത്താൻ തീരുമാനിക്കുകയും പരിചയക്കാരനായ പ്രകാശിനെ സമീപിക്കുകയുമായിരുന്നു. ഇ- പാസിനായി നാലായിരം രൂപ ചെലവുവരുമെന്ന് പ്രകാശ് അറിയിച്ചു. കാശ് വാങ്ങിയതിന് ശേഷം ഇയാൾ ചെന്നൈയിലുള്ള ഒരു കമ്പ്യൂട്ടർ സെന്റർ വഴി വ്യാജ ഇ-പാസ് സംഘടിപ്പിച്ച ശേഷം സുരേഷിനെയും കുടുംബാംഗങ്ങളായ നാലുപേരയും കൂട്ടി നാട്ടിലേക്ക് വരവെ ആരുവാമൊഴി ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിലാണ് പാസ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാറിൽ വന്നവരെ ക്വാറന്റൈൻ ചെയ്യുകയും പ്രകാശിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.