തിരുവനന്തപുരം: കേരള പൊലീസിൽ നിന്ന് വെടിയുണ്ടകൾ കാണാതായെന്ന സി.എ.ജി റിപ്പോർട്ട് തള്ളി പൊലീസ് ആഡിറ്റ് റിപ്പോർട്ട്. ഉപയോഗക്ഷമമായ ഒരുവെടിയുണ്ടപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡി.ഐ.ജി പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ ആഭ്യന്തര ആഡിറ്റ് സമിതി ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകി. അതേസമയം ഉപയോഗം കഴിഞ്ഞ 3706 വെടിയുണ്ടകളുടെ കാട്രിഡ്‌ജുകൾ കാണാതായിട്ടുണ്ടെന്ന് പൊലീസിന്റെ ആഡിറ്രിലും കണ്ടെത്തിയിട്ടുണ്ട്.
സി.എ.ജി കാണാനില്ലെന്ന് പറഞ്ഞ 12,061 വെടിയുണ്ടകൾ പൊലീസിന്റെ വിവിധ ക്യാമ്പുകളിൽ നിന്ന് കണ്ടെത്തിയെന്നാണ് ആഡിറ്റ് റിപ്പോർട്ടിലുള്ളത്. മലപ്പുറം ആംഡ് റിസർവ് ക്യാമ്പ്, മലബാർ സ്‌പെഷ്യൽ പൊലീസ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷൻ ഫോഴ്സ്, കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ, എസ്.ബി.സി.ഐ.ഡി സെക്യുരിറ്റി വിഭാഗം, തിരുവനന്തപുരം ജില്ലാ പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. വിവിധ ക്യാമ്പുകളിലേക്ക് കാട്രിഡ്ജുകൾ കൊണ്ടുപോയതിന്റെ രേഖകളും കണ്ടെടുത്തു.
ഉപയോഗം കഴിഞ്ഞ കാട്രിഡ്‌ജുകൾ കാണാതായതിൽ 3624 എണ്ണം നഷ്ടപ്പെട്ടത് 2012 ആഗസ്റ്റിൽ പുതുതായി നിയമനം ലഭിച്ച സിവിൽ പൊലീസ് ഓഫിസർമാർക്ക് പരിശീലനം നൽകുന്ന ഡി കമ്പനിയിൽ നിന്നാണ്. ഇക്കാര്യം വിശദമായന്വേഷിക്കണം. ഇത്തരം നാണക്കേടുകൾ ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിൽ എല്ലാ ബറ്റാലിയനുകളിലും ആഡിറ്റ് നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
എസ്.എ.പി ക്യാമ്പിലെ എ.കെ.47 തോക്കിൽ ഉപയോഗിച്ച ഒമ്പത് തിരകൾ കാണാതായതിന് പിന്നിൽ റെക്കാഡുകൾ കൃത്യമായി സൂക്ഷിക്കാത്തതിലെ വീഴ്‌ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സി.എ.ജി സമർപ്പിച്ച റിപ്പോർട്ടിൽ ഉപയോഗിക്കാത്ത 12061 വെടിയുണ്ടകൾ കാണാതായെന്ന പരാമർശം വലിയ വിവാദമാവുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ആഡിറ്റ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.