വെഞ്ഞാറമൂട്: പന്തപ്ലാവിക്കോണത്ത് ആർ.എസ്.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ 9 ഓടെയായിരുന്നു സംഭവം. ആർ.എസ്.എസ് ശാഖ നടത്തിയിരുന്ന ഗ്രൗണ്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷട്ടിൽ കളിച്ചതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ലോക് ഡൗണിന് മുൻപ് സ്ഥലം ഉടമ ആർ.എസ്.എസിന് എഗ്രിമെന്റ് ചെയ്ത് അവർ ഇവിടെ ശാഖ നടത്തിവരികയും ലോക് ഡൗണിനെ തുടർന്ന് ശാഖാ പ്രവർത്തനം നിറുത്തിവയ്ക്കുകയുമായിരുന്നു. എന്നാൽ ഈ സ്ഥലത്ത് ഇപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷട്ടിൽ കളി തുടങ്ങുകയും ഇതേ ചൊല്ലി ഇരുവരും തമ്മിൽ സംഘർഷത്തിലേർപ്പെടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലക്ക് വരികയായിരുന്ന കർഷക മോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശിയുടെ കാർ ആക്രമിക്കപ്പെട്ടു. സൈഡിലെയും പിന്നിലെയും ഗ്ലാസുകൾ പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലനാട് ശശി, വിപിൻ ദേവ് കിരൺ ലാൽ, ശിവ പ്രസാദ് എന്നിവർക്ക് പരിക്കുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ധർണ നടത്തി. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യാമെന്ന ഡിവൈ.എസ്.പിയുടെ ഉറപ്പിൻമേൽ ധർണ അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.