തിരുവനന്തപുരം: പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വെള്ളിയാഴ്ച ഉണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. എന്നാൽ കമ്പിനി അധികൃതർ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഫയർഫോഴ്സ് അധികൃതരെ അറിയിച്ചത്. റീസൈക്ലിംഗിനായി കയറ്റി അയയ്ക്കാനായി സൂക്ഷിച്ചിരുന്ന രണ്ടു ലോഡ് റബർ മാലിന്യമാണ് തീപിടിച്ചത്. മൊത്തം ഏഴ് ലോഡോളം മാലിന്യം സൂക്ഷിച്ചിരുന്നു. അതിൽ രണ്ടു ലോഡ് പൂർണമായും കത്തി നശിച്ചു. ബാക്കി വന്നത് സംഭവസമയത്തു തന്നെ ഫയർഫോഴ്സും കമ്പിനി അധികൃതരും നീക്കം ചെയ്യതിരുന്നു. മാലിന്യ പ്ളാന്റ് സ്ഥിതി ചെയ്തിരുന്ന ഷെഡും കത്തി നശിച്ചിട്ടുണ്ട്. ഷെഡിന്റെ ഒരു ഭാഗത്തെ മേൽക്കൂര തീ കത്തുന്ന സമയത്തു തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പൊളിച്ചിരുന്നു. എല്ലാ മാസവും ഇവിടെ നിന്ന് റബർ മലിന്യം റീസൈക്ളിംഗിനായി കയറ്റി അയയ്ക്കുമായിരുന്നു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ച് മാസങ്ങളായി ലോഡ് കയറ്റി അയക്കുന്നില്ല. ഇൻസിനിറേറ്റിലേക്കുള്ള വയർ ഉരുകിയ നിലയിലാണ്. ഇത് തീപിടിത്തിൽ ഉരുകിയതോണോ ഇതിൽ നിന്ന് തീയുണ്ടായതാണോ എന്ന് വ്യക്തമായിട്ടില്ല. ഇൻസിനിറേറ്ററിന് കേടുപാട് സംഭവിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധന കൂടി കഴിഞ്ഞാൽ മാത്രമേ ഇത് വ്യക്തമാകൂ. തീ പിടിച്ച മാലിന്യ പ്ലാന്റിന് 40 മീറ്റർ പരിസരത്ത് ഫർണസ് ഓയിൽ ടാങ്കറും മറ്റു ലാറ്റക്സ് സാധനങ്ങളുമുണ്ട്. ഇതിൽ തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ലാറ്റ്കസിന്റെ പ്രധാന കെട്ടിടവും അകലെയായതിനാൽ തീ അങ്ങോട്ടും തീ പടർന്നില്ല. കമ്പിനിയിൽ തന്നെ ആവശ്യത്തിന് വെള്ളവും മറ്റു സുരക്ഷ ഉപകരണങ്ങളുമുണ്ടായതിനാൽ തീ പെട്ടന്ന് നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.
രണ്ടു ദിവസത്തിനുള്ളിൽ എല്ലാ പരിശോധനയും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്പിനി അധികൃതർ പറഞ്ഞു. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഫയർഫോഴ്സ് വകുപ്പ് മേധാവിക്കും സമർപ്പിക്കും.