kada

കടയ്ക്കാവൂർ : ബേക്കറി കടയുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണംകവർന്ന നാലംഗസംഘത്തിലെ രണ്ടാംപ്രതി പിടിയിൽ. കടയ്ക്കാവൂരിൽ കൊടിമരങ്ങൾ തകർത്ത സംഘത്തിലെ മുഖ്യപ്രതി. കീഴാറ്റിങ്ങൽ പെരുങ്കുളം ഇടയക്കോട് കോളനി കാട്ടുവിള വീട്ടിൽ രാജുവിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന ശരത് (19) ആണ് പിടിയിലായത്.

പൂജാരിമാരുടെ വീട്ടിൽ അക്രമം കാണിച്ച സംഘം കടയ്ക്കാവൂർ കുടവൂർക്കോണം ജംഗ്ഷനിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങളും പ്ളക്സ് ബോർഡുകളും നശിപ്പിച്ച് പ്രദേശത്ത് മൂന്നുദിവസം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തൊപ്പിച്ചന്തയിൽ ബേക്കറി നടത്തുന്ന നൗഷാദിന്റെ കടയിൽ കയറി നൗഷാദിനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. നാലംഗസംഘമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിൽ കല്ലൂർക്കോണം, തൊപ്പിച്ചന്ത ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. തൊപ്പിച്ചന്തയിൽ പൂജാരിമാർ താമസിച്ചിരുന്ന വീട്ടിൽ കയറി ജനൽ ചില്ലുകൾ അടിച്ചുതകർത്തതും ഇൗ സംഘമാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ സി.ഐ ആർ. ശിവകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ജ്യോതിഷ്, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.