തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ആരോഗ്യപ്രവർത്തകരടക്കം 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് ഒന്നും തൃശൂരിൽ രണ്ടും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം. മൂന്ന് പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. തൃശൂരിൽ രണ്ടു പേർക്കും മലപ്പുറത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 23 പേർ വിദേശത്ത് നിന്നും 25 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 56 പേർ ഇന്നലെ രോഗമുക്തരായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ദിവസം രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ സംസ്ഥാനത്ത് ഉണ്ടാകുന്നത്.
ഗുരുവായൂർ ദേവസ്വം ആശുപത്രി അടച്ചു
ഗുരുവായൂർ/ ചാവക്കാട് : കടുത്ത ശ്വാസതടസം നേരിട്ടെത്തിയ രോഗി മരണപ്പെട്ടതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രി താത്കാലികമായി അടച്ചു പൂട്ടി. വടക്കേക്കാട് കല്ലൂർ നാറാണത്ത് വീട്ടിൽ ജലാലുദ്ദീന്റെ ഭാര്യ കദീജയാണ് (54) മരിച്ചത്. ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെങ്കിലും വടക്കേക്കാട് ഹോസ്പിറ്റൽ അടച്ചിട്ട സാഹചര്യത്തിൽ കാവീടുള്ള മകൾ ജാസ്മിന്റെ വീട്ടിൽ പോയ ശേഷം ഞായറാഴ്ച രാവിലെ ഏഴിനാണ് ഗുരുവായൂർ ദേവസ്വം ഹോസ്പിറ്റലിൽ എത്തിച്ചത്. എട്ടുമണിയോടെ മരിച്ചു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ മകൾ ജസീലയോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജസീലയും ക്വാറന്റൈനിലായിരുന്നു. ജസീലയുടെ സ്രവം രണ്ടു തവണ പരിശോധിച്ചതിലും നെഗറ്റീവായതോടെ ക്വാറന്റൈൻ അവസാനിപ്പിച്ചു. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷമാണ് കദീജയുടെ സംസ്‌കാരം നടത്തുക. ഒമാനിലുള്ള സുൽത്താഫ് മറ്റൊരു മകനാണ്. ചാവക്കാട് ആശുപത്രി അടച്ചു ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കൂടി ഇന്ന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ 161 ജീവനക്കാരിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഭാഗികമായി അടച്ചു. ഇന്നലെ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണ്. ഇവർ രോഗികൾക്ക് പുറമെ പൊതുജനങ്ങളുമായി ബന്ധമുള്ളവരാണെന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മറ്റ് രണ്ടുപേർ രോഗികളുമായി സമ്പർക്ക സാദ്ധ്യത ഇല്ലാത്ത ഓഫീസ് സ്റ്റാഫുകളാണ്.