ലാലിഗ തിരിച്ചുവരവിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ
ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
മയ്യോർക്കയെ തകർത്തത് എതിരില്ലാത്ത നാല്
ഗോളുകൾക്ക്
അവസാന മിനിട്ടിൽ വലകുലുക്കി ലയണൽ മെസിയും
4-0
മാഡ്രിഡ് : മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ മടങ്ങിയെത്തിയ ബാഴ്സലോണ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് മയ്യോർക്കയെ കീഴടക്കി.
മയ്യോർക്കയുടെ തട്ടകമായ ഇബേറോസ്റ്റാർ സ്റ്റഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ തുടങ്ങി ഇൻജുറി ടൈംവരെ ബാഴ്സയുടെ ഗോൾവേട്ട തുടർന്നു. കിക്കോഫ് വിസിലിന് തൊട്ടുപിന്നാലെ ആർട്ടുറോ വിദാൽ മയ്യോർക്കയുടെ വല കുലുക്കിയപ്പോൾ 37-ാം മിനിട്ടിൽ മാർട്ടിൻ ബ്രാത്ത് വെയ്റ്റും 79-ാം മിനിട്ടിൽ ജോർഡി ആൽബയും സ്കോർ ചെയ്തു. ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിലെ മെസിയുടെ തകർപ്പൻ ഗോളോടെയാണ് ബാഴ്സലോണ മടങ്ങിവരവ് ബഹുകേമമാക്കിയത്.
ആദ്യപകുതിയിൽ മെസിയെയും അന്റോയിൻ ഗ്രീസ്‌മാനെയും ബ്രാത്ത് വെയ്റ്റിനെയുമാണ് ബാഴ്സലോണ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്. 57-ാം മിനിട്ടിൽ ഗ്രീസ്‌മാനെ മാറ്റി ലൂയിസ് സുവാരേസിനെ കളത്തിലിറക്കി. ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമുള്ള സുവാരേസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മെസിക്ക് ഗോളടിക്കാൻ പാസ് നൽകിയത് സുവാരേസാണ്.
5
ഇൗ വിജയത്തോടെ ലാലിഗയിൽ ബാഴ്സയ്ക്ക് അഞ്ചുപോയിന്റ് ലീഡായി. 28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. 27 മത്സരങ്ങളിൽനിന്ന് 56 പോയിന്റുള്ള റയൽമാഡ്രിഡാണ് രണ്ടാംസ്ഥാനത്ത്.
ഗോളുകൾ ഇങ്ങനെ
1-0
കളി തുടങ്ങി 67-ാം സെക്കൻഡിൽ ബാഴ്സ സ്കോർ ബോർഡ് തുറന്നു. കിക്കോഫിൽനിന്ന് കിട്ടിയ പന്തുമായി മുന്നേറിയ മയ്യോർക്കയിൽനിന്ന് തട്ടിയെടുത്ത് ഡി ജോംഗ് ജോർഡി ആൽബയ്ക്ക് നൽകിയ പാസിൽനിന്നുള്ള ഉയർന്ന ക്രോസ് ആർട്ടുറോ വിദാൽ ഹെഡ് ചെയ്ത് ഗോളാക്കി.
2-0
37-ാം മിനിട്ടിൽ ഡിജോംഗിന്റെ മറ്റൊരു പരിശ്രമത്തിൽ നിന്ന് മെസിയുടെ കൂടി സഹായത്തോടെ ബ്രാത്ത് വെയ്റ്റിന്റെ ഗോൾ. ടീമിനായി ബ്രാത്ത് വെയ്റ്റ് നേടുന്ന ആദ്യഗോളായിരുന്നു ഇത്.
3-0
മെസിയുടെ പാസിൽനിന്ന് ജോർഡി ആൽബ നേടിയ ഗോൾ.
4-0
രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ മെസി തന്റെ പേരിലൊരു ഗോൾകൂടി കുറിച്ച് മടങ്ങിവരവ് മനോഹരമാക്കിയപ്പോൾ കളിക്കും കർട്ടൻ വീണു. സുവാരേസ് നൽകിയ പാസിൽനിന്നായിരുന്നു മെസിയുടെ ഗോൾ.
പോയിന്റ് നില
(ക്ളബ്, മത്സരം, പോയിന്റ് ക്രമത്തിൽ)
ബാഴ്സലോണ 28-61
റയൽ മാഡ്രിഡ് 27-56
സെവിയ്യ 28-50
സോസിഡാഡ് 27-46
ഗെറ്റാഫെ 28-46
ഇന്നത്തെ മത്സരം
ലെവാന്റെ Vs സെവിയ്യ
(രാത്രി 11.30 മുതൽ)
ബയേൺ ബീസ്റ്റ്
ബുണ്ടസ് ലീഗയിലെ മടങ്ങിവരവിൽ ആറാം തുടർ വിജയവുമായി ബയേൺ മ്യൂണിക്ക്
ബൊറൂഷ്യ മൊൺഷെംഗ്ളാബാഷിനെ തകർത്തത് 2-1ന്
ഒറ്റവിജയം അകലെ ബയേണിന് 30-ാം ബുണ്ടസ് ലിഗ കിരീടം
2-1
മ്യൂണിക് : കൊവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള ആറാം മത്സരത്തിലും വിജയത്തിലാറാടി ബയേൺ മ്യൂണിക് ജർമ്മൻ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് കൂടുതൽ അടുത്തു.
കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയ ബയേണിന് ഒരു ജയം കൂടി നേടിയാൽ തങ്ങളുടെ 30-ാം കിരീടത്തിൽ മുത്തമിടാം.
ബയേൺ മോൺഷെംഗ്ളാബാഷിനെ നേരിടുന്നതിന് മുമ്പ് ലീഗ് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ബൊറൂഷ്യ ഡോർട്ട് മുണ്ട് അവസാന സെക്കൻഡിലെ ഗോളിന് ഡസൽഡോർഫിനെ തോൽപ്പിച്ചിരുന്നു. അതിനാൽ തന്നെ മോൺഷെംഗ്ളാബാഷിനെ തോൽപ്പിച്ചാലും ഒരുജയംകൂടി നേടിയാലേ കിരീടം ഉറപ്പിക്കാനാകൂ എന്ന് തിരിച്ചറിഞ്ഞാണ് ബയേൺ ഇന്നലെ സ്വന്തം തട്ടകത്തിൽ കളിക്കാൻ ഇറങ്ങിയത്.
മത്സരത്തിലെ മൂന്ന് ഗോളുകളും ബയേൺ താരങ്ങളാണ് നേടിയത്. എന്നാൽ ഇതിലൊന്ന് സെൽഫ് ഗോളായിരുന്നു. 26-ാം മിനിട്ടിൽ സിർക്കീയിലൂടെയാണ് ബയേൺ സ്കോറിംഗിന് തുടക്കമിട്ടത്. എന്നാൽ 37-ാം മിനിട്ടിലെ ബെഞ്ചമിൻ പൊവാർഡിന്റെ സെൽഫ് ഗോൾ കളി സമനിലയിലാക്കി. 86-ാം മിനിട്ടിൽ ലിയോൺ ഗൊരേസ്കയാണ് വിജയഗോൾ നേടിയത്.
കഴിഞ്ഞദിവസം നടന്ന മറ്റ് മത്സരങ്ങളിൽ വെർഡർ ബ്രെമൻ 5-1ന് പാഡേബോണിനെയും യൂണിയൻ ബർലിൻ 2-1ന് കോണിനെയും എയ്ൻട്രാൻക്‌റ്റ് 4-1ന് ഹെർത്ത ബെർലിനെയും കീഴടക്കി. വോൾവ്സ്ബർഗും ഫ്രേയ്ബർഗും 2-2ന് സമനിലയിൽ പിരിഞ്ഞു.
മത്സരഫലങ്ങൾ
ബയേൺ മ്യൂണിക് 2- മോൺഷെംഗ്ളാബാഷ് 1
വോൾവ്സ് ബർഗ് 2-ഫ്രേബർഗ് 2
വെർഡർ ബ്രെമൻ 5- വാഡേബോൺ 1
യൂണിയൻ ബർലിൻ 2 - കോൺ 1
എയ്ൻട്രാൻക്ട് 4- ഹെർത്തബെർലിൻ 1
ഡോർട്ട് മുണ്ട് 1- ഡസൽഡോർഫ് 0
പോയിന്റ് നില
(ടീം മത്സരം, പോയിന്റ് ക്രമത്തിൽ)
ബയേൺ മ്യൂണിക് 31-73
ഡോർട്ട് മുണ്ട് 31-66
ലെയ്‌പ്സിഗ് 31-62
മോൺഷെംഗ്ളാബാഷ് 31-56
ലെവർ കൂസൻ 30-56
കോപ്പ ഇറ്റാലിയ
നാപ്പോളി ഫൈനലിൽ
റോം : കഴിഞ്ഞ രാത്രി നടന്ന കോപ്പ ഇറ്റാലിയ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ഇന്റർമിലാനോട് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ വിജയത്തിന്റെ മികവിൽ നാപ്പോളി ഫൈനലിലെത്തി.
രണ്ടാംമിനിട്ടിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ മുന്നിലെത്തിയിരുന്ന ഇന്റർമിലാനെ 41-ാം മിനിട്ടിൽ ഡ്രീസ് മെർട്ടൻസാണ് സമനിലയിൽ തളച്ചത്. ഇൗ ഗോളിലൂടെ മെർട്ടൻസ് നാപ്പോളിയുടെ ആൾ ടൈം ലീഡിംഗ് സ്കോററുമായി. 122 ഗോളുകൾ തികച്ച മെർട്ടെൻസ് മരേക്ക് ഹാംസിക്കിന്റെ റെക്കാഡാണ് മറികടന്നത്.
ഫൈനലിൽ യുവന്റസാണ് നാപ്പോളിയുടെ എതിരാളികൾ. കഴിഞ്ഞദിവസം എ.സി മിലാനുമായി രണ്ടാംപാദ സെമിയിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ യുവന്റസ് എവേ ഗോളിന്റെ മികവിലാണ് ഫൈനലിലെത്തിയത്.