തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) 550 കോടിയിലധികം കുടിശികയായതോടെ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തനങ്ങളും ചികിത്സയും സ്തംഭിച്ചെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വിവിധ ആരോഗ്യപരിപാടികൾക്ക് തുക നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി കേന്ദ്രത്തിൽ നിന്ന് എൻ.എച്ച്.എമ്മിന്റെ വിഹിതം വാങ്ങുന്നുണ്ട്. എന്നാൽ പണം ബന്ധപ്പെട്ടവർക്ക് നൽകുന്നില്ല. ഇതുമൂലം പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും ഉൾപ്പെടെയുള്ള ചികിത്സാസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാരുണ്യ ചികിത്സയും സ്തംഭിച്ചു. സർക്കാർ കൊവിഡിൽ മാത്രം ശ്രദ്ധിക്കുമ്പോൾ മറ്റ് ആരോഗ്യ, പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.