aadhar
aadhar

തിരുവനന്തപുരം: ആൾമാറാട്ടം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ നിർബന്ധമാക്കി ഉത്തരവിറങ്ങി. ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം അവരുടെ പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണമെന്നും നിയമനാധികാരികൾ ഇതുറപ്പുവരുത്തണമെന്നുമാണ് സർക്കാരിന്റെ ഉത്തരവ്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും ആധാർ നിർബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനൽകിയതനുസരിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പാണ് ഉത്തരവിറക്കിയത്.

ഒരുവർഷം മുമ്പേ ആധാറിനെ തിരിച്ചറിയൽരേഖയായി പി.എസ്.സി. അംഗീകരിച്ചിരുന്നു. പുതുതായി പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു. പലപ്പോഴായി ഇറങ്ങിയിട്ടുള്ള ഉത്തരവുകളെല്ലാം ചേർത്ത് ആധാർ നിർബന്ധമാക്കിയാണ് പുതിയ ഉത്തരവ് ഇപ്പോളിറക്കിയത്.

ഇതിനകം ജോലിയിൽ പ്രവേശിച്ച് നിയമനപരിശോധന പൂർത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം.