prathikal

കാസർകോട്: പൂനെയിൽ 55 കോടി രൂപയുടെ വ്യാജ കറൻസി പിടികൂടിയ സംഘത്തിൽ ഉദുമ സ്വദേശിയും ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഉദുമ മലാംകുന്ന് സ്വദേശിയായ റിതേഷ് ഉൾപ്പെടെ ആറുപേരെയാണ് ഇന്റലിജൻസും പൂനെ പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

കപ്പൽ ജോലിയുമായി ബന്ധപ്പെട്ട് രണ്ടു വർഷമായി മുംബൈയിലാണ് യുവാവ് താമസിക്കുന്നത്. മുംബൈയിൽ താമസിക്കുന്ന പാലക്കുന്ന് സ്വദേശികളാണ് സംഘത്തിൽ റിതേഷും ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ചത്. സൈനികനായ ഷെയ്ഖ് ആലിം ഗുലാബ് ഖാൻ സാഹബ് (36), പൂനെ സ്വദേശി സുനിൽ ബദ്രിനാരായണ സർദ (45), നവി മുംബൈ സ്വദേശികളായ റിതേഷ് (35), അബ്ദുൾ റഹ്മാൻ അദുൽ ഗാനിക് ഖാൻ (18), കമോട്ടെ സ്വദേശി അബ്ദുൽ ഗാനി, മുംബൈയിലെ മീര റോഡ് സ്വദേശികളായ റഹ്മത്തുല്ല ഖാൻ (45), അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാൻ എന്നിവരാണ് പിടിയിലായത്.

മിലിട്ടറി ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ പുനെ ക്രൈംബ്രാഞ്ച് 55 കോടി രൂപയുടെ വ്യാജ ഇന്ത്യൻ, യു.എസ് കറൻസി നോട്ടുകൾ വിമനഗറിലെ സഞ്ജയ് പാർക്കിലെ ബംഗ്ലാവിൽ നിന്നാണ് പിടിച്ചെടുത്തത്. ബോംബെ എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ മിലിട്ടറി ബാൻഡ് യൂണിറ്റിലെ ലാൻസ് നായിക് ഉൾപ്പെടെ ആറു പേരെയാണ് പിടികൂടിയത്. കറൻസിയുടെ മുഖവില 55 കോടി രൂപയായിരിക്കുമെന്ന് പൊലീസ് തിട്ടപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥരും സതേൺ കമാൻഡും നൽകിയ സൂചനയെ തുടർന്നാണ് റെയ്ഡ് നടത്തിയത്.