തിരുവനന്തപുരം: മൂന്ന് മാസം മുമ്പ് മത്സ്യത്തൊഴിലാളിയായ പൊഴിയൂർ പരുത്തിയൂർ സ്വദേശി ജോൺ (51) മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും കാത്ത് പൊലീസ്. പരുത്തിയൂർ മറിയം മഗ്ദലനം പള്ളി സെമിത്തേരിയിലെ കല്ലറ ശനിയാഴ്ച തുറന്ന് പോസ്റ്റുമോർട്ടം നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്‌തു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ലഭിച്ച മൊഴികൾ അനുസരിച്ച് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഹൃദയാഘാതമാണെന്ന് ഭാര്യയും മക്കളും പറഞ്ഞെങ്കിലും സംശയത്തെ തുടർന്ന് ജോണിന്റെ അച്ഛൻ മിഖേൽപിള്ളയും സഹോദരി ലീൻ മരിയയും നൽകിയ പരാതിയെ തുടർന്നായിരുന്നു പോസ്റ്റുമോർട്ടം. മരണകാരണം ഹൃദയാഘാതമല്ലെന്നും ആത്മഹത്യചെയ്‌തതാണെന്നും ഭാര്യയും മക്കളും ജോണിന്റെ സഹോദരിയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ജോണിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിലാണ് സഹോദരി. ഇവരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് പൊഴിയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമായാൽ സംശയത്തിന്റെ നിഴലിലുള്ള ഭാര്യയും മക്കളും രക്ഷപ്പെടും. ആത്മഹത്യ മറച്ചുവച്ചതിന് കേസെടുക്കാനും കഴിയില്ല. അതേസമയം ലീൻ മരിയ ആരോപിക്കുന്നതുപോലെ വാക്കുതർക്കത്തെ തുടർന്നുള്ള കൈയാങ്കളിയാണ് മരണത്തിൽ കലാശിച്ചതെങ്കിൽ കൊലപാതകത്തിന് കേസെടുക്കും. മാർച്ച് ആറിന് രാത്രിയാണ് പരുത്തിയൂരിലെ വീട്ടിൽ ജോൺ മരിച്ചത്. വിവരമറിഞ്ഞെത്തിയ സഹോദരങ്ങളോടും മറ്റ് ബന്ധുക്കളോടും ഹൃദയാഘാതമാണെന്ന് ഭാര്യയും മക്കളും പറഞ്ഞു. സംഭവദിവസം വീട്ടിൽ തർക്കമുണ്ടായതായി അയൽവാസികൾ പറഞ്ഞതോടെയാണ് പരാതിയുമായി സഹോദരിയും അച്ഛനും മാർച്ച് 9ന് രംഗത്തെത്തിയത്. മാർച്ച് 16ന് മൃതദേഹം പുറത്തടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. ജോണിന്റെ മരണത്തെ തുടർന്ന് മനോനില തെറ്റിയ അമ്മ സെലീന മേയ് 16 നാണ് മരിച്ചത്.