h
ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടം

തിരുവനന്തപുരം: ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കൽ കോളേജാശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ആശുപത്രിയാക്കി. നാല് അലോപ്പതി ഡോക്ടർമാരെയും മറ്റ് ജീവനക്കാരേയും നിയമിച്ചു. ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. കൊവിഡിന്റെ ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവർക്കാവും പ്രവേശനം.

സംസ്ഥാനത്തെ രണ്ട് ഗവ.ഹോമിയോ മെഡിക്കൽ കോളേജാശുപത്രികളിലൊന്നാണിത്. രണ്ടാമത്തേത് കോഴിക്കോട്ടും. അലോപ്പതി ആശുപത്രികൾ നഗരത്തിൽ വേറെയുണ്ടായിട്ടും, കാൻസറിന് ഉൾപ്പെടെ ഹോമിയോ ചികിത്സ തേടിയെത്തുന്ന ആതുരാലയത്തെ കൊവിഡ് ആശുപത്രിയാക്കിയതിൽ ഹോമിയോ ഡോക്ടമാർക്ക് പ്രതിഷേധമുണ്ട്.ഇത് മുന്നിൽക്കണ്ട് രഹസ്യമായിട്ടായിരുന്നു ആരോഗ്യവകുപ്പിന്റെ നീക്കം .ഇവിടെ അഡ്മിറ്റ് ചെയ്തിരുന്ന കാൻസർ രോഗികളുൾപ്പെടെയുള്ളവരെ മൂന്നു ദിവസം മുമ്പു ഡിസ്‌ചാർജ് ചെയ്തു. നഗരത്തിലെ സർക്കാർ അലോപ്പതി ആശുപത്രികളിലൊന്നിനെ കൊവിഡ് ആശുപത്രിയാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം , ജനപ്രതിനിധികളിൽ നിന്നുൾപ്പെടെ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ശനിയാഴ്ച മറ്റ് ജില്ലകളിൽ നിന്ന് കാൻസർ രോഗികൾ ഐരാണിമുട്ടത്തെത്തിയപ്പോഴാണ് ചികിത്സയില്ലെന്ന കാര്യം അറിയുന്നത്.. ആശുപത്രിയുടെ രണ്ടാമത്തെ നിലയിൽ 16 കിടക്കകളോടു കൂടിയതാണ് കാൻസർ കെയർ സെന്റർ. പ്രതിദിനം അഞ്ഞൂറോളം പേർ ഒ.പിയിലെത്താറുണ്ട്. ലോക്ക് ഡൗൺ നാളുകളിലും ശരാശരി 200 പേരെത്തിയിരുന്നു. 30 ഡോക്ടമാരും അത്രത്തോളം ഹൗസ് സർജന്മാരുമുണ്ട്.

ഹോമിയോ മരുന്നിന്

അനുവദിക്കണം

ഹോമിയോ മെഡിക്കൽ കോളേജാശുപത്രിയിലെത്തുന്ന കൊവി‌ഡ് രോഗികൾക്ക് ഹോമിയോ മരുന്ന് നൽകാൻ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടർമാരുടെ ആവശ്യം. കൊവിഡ് പോസിറ്റിവായവർ ഹോമിയോ മരുന്ന് കഴിച്ച് ഏഴാം ദിവസം നെഗറ്റീവായ സംഭവങ്ങളുണ്ടെന്നും അവർ പറയുന്നു.