maharashtra

തിരുവനന്തപുരം: ഇന്നലെ നാലുപേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നും ട്രെയിൻ മാർഗമെത്തിയ നെയ്യാറ്റിൻകര മുല്ലൂർ സ്വദേശി (39 ), കാട്ടാക്കട കുളത്തുമ്മൽ സ്വദേശിയായ വനിത ( 54 ), ദുബായിൽ നിന്നുമെത്തിയ വർക്കല പാളയംകുന്ന് സ്വദേശിയായ വനിത (51 ), കുവൈറ്റിൽ നിന്നുമെത്തിയ വെഞ്ഞാറമൂട് സ്വദേശി ( 37 ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കുളത്തുമ്മൽ സ്വദേശി ആശാവർക്കറാണ്. കാട്ടാക്കട പഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിനുള്ള ദ്രുത കർമ്മ സേനയിൽ ഇവർ പ്രവർത്തിച്ചിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ റിപ്പോർട്ടുചെയ്യുന്ന ജോലികളും ചെയ്‌തിരുന്നു. ആമച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇവർ സന്ദർശനം നടത്തി. എന്നാൽ ഇവർ ഗൃഹസന്ദർശനം നടത്തിയിടങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടുമില്ല. 11ന് ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇവരുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗവിവരം പുറത്തുന്നത്. ഇവർക്ക് രോഗം ബാധിച്ച ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. 242 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാർജ് ചെയ്‌തു. ഇന്നലെ 231 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചപ്പോൾ 169 പരിശോധനാ ഫലങ്ങൾ ലഭിച്ചു.


1. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം - 15837

2.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 14871
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 167
4. കൊവിഡ് കെയർ സെന്ററുകളിൽ - 799
5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ - 800