പൂവാർ: കൊവിഡ് രോഗവ്യാപനവും ലോക്ക് ഡൗണും ശക്തമായ വേനൽ മഴയും പൂവാർ മേഖലയിലെ മത്സ്യ കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇക്കാലയളവിൽ ശരിയായ രീതിയിൽ മത്സ്യ പരിപാലനം നടത്താൻ കർഷകർക്കായില്ല. പല ദിവസങ്ങളിലും മത്സ്യങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും കഴിഞ്ഞില്ലെന്നതും ഇവർക്ക് തിരിച്ചടിയാണ്. മത്സ്യങ്ങൾ മോഷണം പോകുന്നതും ഇവിടെ പതിവാണ്. പൂവാറിലെ എ.വി.എം കനാലിൽ നടത്തിയിരുന്ന 'കൂട്' കൃഷിയിൽ നിന്നും മീനുകൾ മോഷണം പോയതിനെതിരെ കർഷകർ പൊലീസിലും ഫിഷറീസിനും പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ വേനൽമഴയെ തുടർന്ന് കുളങ്ങൾ നിറഞ്ഞൊഴുകി. പല കുളങ്ങളിൽ നിന്നും മീനുകൾ നീർച്ചാലുകളിലൂടെ ആറിന്റെ വിശാലതയിലേക്ക് ഒഴുകിപ്പോയി. അവശേഷിച്ചവ മലിനജലം നിറഞ്ഞതിനാൽ കുളങ്ങളിൽ തന്നെ ചത്തുപൊങ്ങി. ഇത്തരത്തിൽ ലോക്ക് ഡൗണിലും ശക്തമായ വേനൽ മഴയും കാരണം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ യാതൊരു സഹായവും ഫിഷറീസും ഗ്രാമപഞ്ചായത്തുകളും ചെയ്യുന്നില്ലെന്നു കർഷകർ ആരോപിക്കുന്നു. കർഷകരിൽ പലരും പഞ്ചായത്ത് കുളങ്ങൾ പാട്ടത്തിനെടുത്തും പടുതാ കുളങ്ങൾ നിർമ്മിച്ചും നല്ലൊരു തുക മുതൽ മുടക്കിയുമാണ് കൃഷി ചെയ്യുന്നത്. മത്സ്യ കൃഷി ഒരു തൊഴിലായി സ്വീകരിച്ച് കൃഷി ചെയ്യുന്നവരാണ് ഇന്ന് കൂടുതലും.
നാട്ടിൻ പുറങ്ങളിലെ കുളങ്ങളിലും വീട്ടുമുറ്റത്ത് നിർമ്മിക്കുന്ന സിമന്റ് കുളങ്ങളിലും ടാർപ്പോളിൻ വിരിച്ചുണ്ടാക്കുന്ന കുളങ്ങളിലും ചെയ്യുന്ന മത്സ്യ കൃഷി രീതിയാണ് ഏകയിന മത്സ്യ കൃഷി. കോമൺ കാർപ്പ്, വരാൽ, മുഷി, കാരി, തിലോപ്പിയ, ചെമ്മീൻ, ആസാം വാള അടങ്ങിയവ ഇത്തരത്തിൽ കൃഷി ചെയ്തുവരുന്നു. കൂടാതെ വിവിധ തരം കാർപ്പ് മത്സ്യങ്ങളും സമ്മിശ്ര കൃഷിയിൽ ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്. ഒരു സെന്റ് കുളത്തിൽ 100 ആസാം വാള കൃഷി ചെയ്യാം. വളർച്ചയെത്തുമ്പോൾ ഒന്നിന് ഒരു കിലോ തൂക്കം വരും. കിലോയ്ക്ക് പൊതുവിപണിയിൽ 150ഉം 200 ഉം രൂപയാണുള്ളത്. മറ്റ് മത്സ്യങ്ങൾക്കും ഇതിന് സമാനമായ വില ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്.
ഇത്തരക്കാർ ഇന്ന് നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ സർക്കാർ സഹായിക്കണമെന്നാണ് മത്സ്യ കർഷകരുടെ ആവശ്യം.
കൂട് കൃഷി
നദികൾ, തോടുകൾ, കനാലുകൾ തുടങ്ങിയ ഒഴുക്കു വെള്ളത്തിൽ മത്സ്യകൃഷി നടത്തുന്ന രീതിയാണ് കൂട് കൃഷി. ഇത്തരത്തിൽ 40 കൂടുകളാണ് എ.വി.എം കനാലിൽ ചെയ്തിരുന്നത്. ഒരു കൂടിൽ ഏകദേശം 250ഓളം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇത്തരത്തിൽ 10 കൂടുകൾ ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ഒരു കൂട് നിർമ്മാണത്തിനും അതിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും ഏകദേശം 40000 രൂപയുടെ ചെലവുണ്ട്. നാല് കർഷകരുടെ 40 കൂടുകളിലും കരിമീനുകളാണ് കൃഷി ചെയ്തിരുന്നത്. ഇവയാണ് ഈ ലോക്ക് ഡൗൺ കാലത്ത് കൊള്ളയടിക്കപ്പെട്ടത്. കരിമീനുകൾക്ക് ഇന്ന് വിപണിയിൽ കിലോയ്ക്ക് 400 രൂപ വിലയുണ്ടെന്നും കർഷകർ പറയുന്നു.
പൂവാറിലെ ശാസ്താംകുളത്തിൽ 2 ലക്ഷം രൂപ മുതൽ മുടക്കി നടത്തിയിരുന്ന ഗിഫ്റ്റ്തിലോപ്പിയകളാണ് ചത്തുപൊങ്ങിയത്.
6.5 ലക്ഷം രൂപ മുതൽ മുടക്കി താമരക്കുളത്തിലും 2 ലക്ഷം മുടക്കി കാട്ടുകുളത്തിലും നടത്തിയിരുന്ന ആസാംവാളകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി കർഷകർ പറയുന്നു.