ആര്യനാട്: പണയമെടുക്കാൻ പോയി മടങ്ങവേ കാണാതായ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മോഹനനെ കണ്ടെത്താൻ സഹായിക്കാമെന്ന വ്യാജേനയെത്തി ബന്ധുക്കളെ കബളിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. നെയ്യാറ്റിൻകര കൊച്ചപ്പള്ളി കമുകിൻകോട് തെക്കേവാർവിളാകം പുത്തൻ വീട്ടിൽ സുരേഷ് കുമാർ (50), കമുകിൻകോട് പാലകുന്നത്ത് വീട്ടിൽ ഹനി (36) എന്നിവരെയാണ് ആര്യനാട് പൊലീസ് പിടികൂടിയത്. സൈബർ ഡോമിൽ നിന്നാണെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. ശനിയാഴ്ച വൈകിട്ട് 3.30നാണ് ഇവർ മോഹനന്റെ മകൻ അമലിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം വീട്ടിലെത്തിയത്. സംശയം തോന്നിയ മോഹനന്റെ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും ആര്യനാട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആര്യനാട് പോകണമെന്ന് പറഞ്ഞാണ് ഹനിയെ കൂടെ കൂട്ടിയതെന്ന് സുരേഷ് കുമാർ പറഞ്ഞു. മോഹനനെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് ബന്ധുക്കൾ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതറിഞ്ഞാണ് ഇരുവരും എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.