കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആശാവർക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പ് നീക്കം ആരംഭിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഇവർ 700ഓളം പേരുമായി സമ്പർക്കത്തിലായതായി കണ്ടെത്തിയെന്ന് ആമച്ചൽ മെഡിക്കൽ ഓഫീസർ ഡോ. ശാന്തകുമാർ അറിയിച്ചു. ആരോഗ്യ പ്രവർത്തക എട്ടിരുത്തി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്‌തിട്ടുണ്ട്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ഡോക്ടർ എന്നിവരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ആശാവർക്കർ ഒഴികെ മറ്റെല്ലാവർക്കും നെഗറ്റീവാണ്. ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം പകർന്നതിന്റെ കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. വീടിന് സമീപത്തായി ഇവർ തട്ടുകടയും നടത്തുന്നുണ്ട്. ഇവിടെ ആഹാരം കഴിക്കാനെത്തിയവരിൽ നിന്നാണോ രോഗം പിടിപെട്ടതെന്നും വ്യക്തമല്ല.