വട്ടിയൂർക്കാവ്: ഭർത്താവിന്റെ അടിയേറ്റു മരിച്ച റിട്ട. വനിതാ എസ്.ഐയുടെ മൃതദേഹം സംസ്‌കരിച്ചു. തൊഴുവൻകോട് ഇടപ്പറമ്പ് സ്വദേശി കെ. ലീലയുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. കൊവിഡ് പരിശോധനയ്ക്കും ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷം ഇന്നലെ ഉച്ചതിരിഞ്ഞ് 12.30നാണ് മൃതദേഹം ഇടപ്പറമ്പിലെ വീട്ടിലെത്തിച്ചത്. 15 മിനിറ്റോളം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മക്കളായ പൊന്നമ്പിളിയും പൊന്നഞ്ജലിയും അന്ത്യാഞ്ജലി അർപ്പിച്ചു. മക്കളുടെ ആവശ്യപ്രകാരം ലീലയുടെ മൃതദേഹം പുതുതായി പണി പൂർത്തീകരിച്ച ഇരുനില വീടിന് മുന്നിൽ അല്പസമയം വച്ചിരുന്നു. ഉച്ചയ്ക്ക് 2ഓടെ ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ആത്‍മഹത്യ ചെയ്ത ഇവരുടെ ഭർത്താവ് പൊന്നന്റെ മൃതദേഹം വെള്ളിയാഴ്ച ശാന്തികവാടത്തിൽ സംസ്‌കരിച്ചിരുന്നു.