kdm

കഴക്കൂട്ടം: കഠിനംകുളത്ത് അ‍ഞ്ചുവസുകാരനായ മകന്റെ മുന്നിൽവച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ ഏഴു പ്രതികളെയും അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാനാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.

യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച വെട്ടുതുറയിലെ പ്രതി രാജന്റെ വീട്ടിലാണ് ഇന്നലെ ഭർത്താവിനെയും ആട്ടോഡ്രൈവറെയും ഒഴിച്ച് ബാക്കിയുള്ളവരെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പീഡനം നടന്ന ആളൊഴിഞ്ഞസ്ഥലത്ത് പ്രതികളെ ഇന്ന് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പ്രതികളെ ഓരോരുത്തരെയായി പ്രത്യേകം ചോദ്യം ചെയ്യും. വ്യത്യസ്ഥമായ മറുപടിയാണ് കിട്ടുന്നതെങ്കിൽ ഏഴ് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ നാലിനാണ് ചിറയ്ക്കൽ സ്വദേശിയായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകിയതിനുശേഷം ക്രൂരമായി പീഡിപ്പിച്ചത്. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇരയായ യുവതിയും മകനും സർക്കാരിന്റെ മഹിളാ മന്ദിരത്തിലാണ് ഇപ്പോൾ.