തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നു സുരക്ഷാ അകലം പാലിക്കാനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ബസുകളിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സർവീസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുക.