renju
1).രഞ്ചു എന്ന അരുൺ ആനന്ദ്.

കാട്ടാക്കട: ഓട്ടോറിക്ഷ ഡ്രൈവർമാരും ഊരൂട്ടമ്പലം സ്വദേശികളുമായ കമിതാക്കളെ പൂവച്ചലിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലാവറത്തലയ്ക്കൽ ശകുന്തള ഭവനിൽ രഞ്ചു എന്ന അരുൺ ആനന്ദ് (34), വേലിക്കോട് ഷാജി ഭവനിൽ കു‍ഞ്ഞുമോൾ (36) എന്നിവരാണ് ജീവനൊടുക്കിയത്.

മൂന്ന് മാസമായി പൂവച്ചൽ പഞ്ചായത്തിലെ മഠത്തികോണം കീ‌ഴ്‌വാണ്ടയിൽ ഗ്രാമപഞ്ചായത്തംഗം ബിന്ദു രാജേന്ദ്രന്റെ വീട്ടിൽ ഇരുവരും വാടകകയ്ക്ക് താമസിക്കുകയായിരുന്നു. സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ വീട്ടിലെ അടുക്കളയിൽ ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

പൊലീസ് പറയുന്നത്:

സ്റ്റേജ് പ്രോഗ്രാമിന് പോകുന്ന അരുൺ ആനന്ദ് ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഊരൂട്ടമ്പലത്തെ ആട്ടോസ്റ്റാൻഡിൽ ഡ്രൈവറായി എത്തിയ അരുൺ അതേ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന കുഞ്ഞുമോളെ പരിചയപ്പെട്ടു. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ് കുഞ്ഞുമോൾ. പ്രണയത്തെ തുടർന്ന് മക്കളെ ഉൾപ്പെടെ ഉപേക്ഷിച്ച ഇരുവരും സുഹൃത്തിന്റെ സഹായത്തോടെ കാട്ടാക്കടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസമായി. ഒളിച്ചോടിയ ഇവരെ അന്വേഷിച്ച് ബന്ധുക്കളാരും എത്തിയില്ല. ഊരൂട്ടമ്പലം സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഇരുവരുടെയും ജീവിതം . മരണത്തിന് തൊട്ടുമുൻപുള്ള ദിവസവും ഇരുവരും ഓട്ടോറിക്ഷ ഓടിക്കാൻ പോയെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞുമോളുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു.12 വയസുള്ള രണ്ടാമത്തെ മകൾ പിതാവിനൊപ്പമാണ് താമസം.

നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പൊലീസ് എത്തി തെളിവെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.