kovalam

കോവളം: നിർദ്ധന കുടുംബത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാൻ വഴിയൊരുക്കി എം.വിൻസെന്റ് എം.എൽ.എ. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും മുക്കോല മണലി കാവുവിള ശിവശൈലത്തിൽ ബിന്ദുവിന്റെ മകനുമായ ശിവ് രാജുവിന്റെ വീട്ടിലാണ് എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതി കണക്ഷൻ ലഭ്യമാകുന്നത്. പഠനത്തിൽ മിടുക്കനായ ശിവ് രാജു ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാത്തതിനാൽ കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക് ഒരുക്കിയ ക്ലാസിൽ എത്തിയപ്പോഴാണ് വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിവരം ബാങ്ക് പ്രസിഡന്റ് കെ.വി. അഭിലാഷ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിന്ദുവിന് ശിവ് രാജുവിനെ കൂടാതെ ഒരു വയസുള്ള വൈഷ്ണവ് എന്ന മകനുമുണ്ട്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് കൂലിപ്പണിക്ക് പോയി മുത്തച്ഛൻ രാജുവാണ് കുടുംബം പുലർത്തിയിരുന്നത്. ഒരു വർഷം മുമ്പ് വാഹനാപകടത്തിൽപ്പെട്ട് പരിക്ക് പറ്റി രാജുവിന് ജോലിക്ക് പോകാൻ സാധിക്കാതായതോടെ കുടുംബം കൂടുതൽ ദുരിതത്തിലായി. എം.എൽ.എ ഇലക്ട്രിസിറ്റി ബോർഡ് അധികൃതരെ ബന്ധപ്പെട്ടതനുസരിച്ച് നേരിട്ട് വീട്ടിലെത്തി പരിശോധന നടത്തി. അടുത്ത ദിവസം തന്നെ വൈദ്യുതി കണക്ഷൻ നൽകുമെന്ന് ഉറപ്പുനൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.