പോത്തൻകോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടന്റെ വീടിനു നേരെ ആക്രമണം നടത്തിയ കേസിലെ പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടു പൊയ്ക പ്രശാന്ത് ഹൗസിൽ പ്രസാദ് (30), ഇടത്തറ പൊയ്കയിൽ വീട്ടിൽ പ്രവീൺ (40), സഹോദരൻ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ വീട്ടിൽ ഷാജി (48) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 5 ന് വീടിനു മുന്നിൽ പ്രവീൺ, ദിലീപ് എന്നിവർ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതാണ് ആക്രമണത്തിന് കാരണം. അന്ന് വൈകിട്ട് 5.30ഒാടെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീക്കുട്ടന്റെ വീടിനു നേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന്‍ വട്ടപ്പാറ സി.ഐ. ബിനുകുമാർ പറഞ്ഞു. ശ്രീക്കുട്ടന്റെ ഭാര്യ അശ്വതി (25) യെ മർദ്ദിച്ച പ്രതികൾ രണ്ടര വയസുള്ള മകൾ അവന്തികയെയും മാതാവ് പ്രസന്നയെയും ആക്രമിക്കാൻ ശ്രമിച്ചു. വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വീടിന്റെ ജനൽ ചില്ലുകളും വാതിലും തകർക്കുകയും ചെയ്ത ശേഷമാണ് ഇവർ മടങ്ങിയതെന്ന് അശ്വതി പറഞ്ഞു.
ക്യാപ്ഷൻ: അറസ്റ്റിലായ പ്രതികൾ