കോവളം: സീസൺ ആരംഭിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങളുമായി വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം ഇടവക ഭാരവാഹികൾ, വിഴിഞ്ഞം പൊലീസ്, മീൻലേലം വിളിക്കുന്നവരുടെയും കച്ചവടക്കാരായ സ്ത്രീകളുടെ പ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം ചേർന്നാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഇന്ന് മുതൽ പുതിയ ക്രമീകരണങ്ങൾ അനുസരിച്ചായിരിക്കും മത്സ്യവിപണനം നടക്കുകയെന്നും അധികൃതർ പറഞ്ഞു. വിഴിഞ്ഞം സി.ഐ പ്രവീൺ, എസ്.ഐ സജി. എസ്.എസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തീരത്തെ പുതിയ ക്രമീകരണങ്ങളുടെ ട്രയലും നടത്തി.
നിയന്ത്രണങ്ങൾ
തുറമുഖത്തിന് അടുത്തുളള ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ സ്ഥലത്തായിരിക്കും ഇനി ചില്ലറ മീൻവില്പന നടക്കുക. ഇവിടെ നിന്ന് മാത്രമേ വീട്ടാവശ്യങ്ങൾക്കുള്ള മീൻ വാങ്ങാനാകു. ഇവിടെയെത്തുന്ന നാട്ടുകാർ നിയന്ത്രണം തെറ്റിച്ച് തീരത്തേക്ക് എത്താതിരിക്കാൻ ലേലഹാളിന് സമീപത്ത് പ്രത്യേക ബാരിക്കേഡും സ്ഥാപിച്ചു. ഒാരോ വള്ളങ്ങളിലുമെത്തിക്കുന്ന വിവിധ തരം മീനുകളെ ഒറ്റതവണ ലേലത്തിൽ വിൽക്കും. സാമൂഹിക അകലം പാലിച്ച് മീൻലേലം നടത്തുന്നതിന് ഓരോ ഇടവും നമ്പർ രേഖപ്പെടുത്തി തിരിച്ചിട്ടുണ്ട്. ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിഴിഞ്ഞം എസ്.ഐ അറിയിച്ചു. ഇതിനായി പ്രത്യേകമായി ഓരോ പോയിന്റിലും പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.