കാട്ടാക്കട: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കുഞ്ഞുമോളും ഭാര്യയെ ഉപേക്ഷിച്ച് അരുൺ ആനന്ദും നാട്ടുകാരെയും ബന്ധുക്കളെയും വെല്ലുവിളിച്ച് ജീവിക്കാനിറങ്ങിയെങ്കിലും ആ പ്രണയത്തിനുണ്ടായിരുന്ന ആയുസ് മൂന്ന് മാസം മാത്രം. പൂവച്ചൽ പഞ്ചായത്തിലെ മഠത്തിക്കോണം കീഴ്‌വാണ്ടയിൽ ഇന്നലെ ആത്മഹത്യ ചെയ്‌ത ഇവരുടെ പ്രണയ ജീവിതം ദുരന്തത്തിൽ അവസാനിച്ചു. ആട്ടോഡ്രൈവറായ കുഞ്ഞുമോളെ യാദൃശ്ചികമായി പരിചപ്പെട്ടതോടെയാണ് സ്റ്റേജ് ആർട്ടിസ്റ്റായ അരുൺ ഓട്ടോറിക്ഷയുമായി ഊരൂട്ടമ്പലം സ്റ്റാൻഡിലെത്തിയത്. പിന്നീട് ഇവരുടെ പ്രണയം അനുദിനം വളരുകയായിരുന്നു. നാട്ടുകാരുടെ കുറ്റപ്പെടുത്തലിനും വീട്ടുകാരുടെ എതിർപ്പിനുമൊന്നും ഈ പ്രണയത്തെ ഇല്ലാതാക്കാനായില്ല. ഒടുവിൽ നാട്ടിൽ കോളിളക്കം സൃഷിച്ച് ഒരു ദിവസം ഇരുവരും ഒരുമിച്ച് ജീവിക്കാനായി 10 കിലോമീറ്റർ അകലെയുള്ള പൂവച്ചൽ പഞ്ചായത്തിലെ മഠത്തിക്കോണം കീഴ്‌വാണ്ടയിലെത്തി. ഒരു സുഹൃത്തിന്റെ സഹായത്തോടെ വാടകവീടെടുത്ത് താമസം ആരംഭിച്ചു. പിന്നീട് ഇരുവരും ഓട്ടോയുമായി ഊരൂട്ടമ്പലം സ്റ്റാൻഡിൽ തന്നെയെത്തി. രാവിലെ പോയി രാത്രിയിൽ മടക്കം. പുതിയ താമസ സ്ഥലത്തെ നാട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടാകാതെ ഇരുവരും അകന്നുനിന്നു. ഇരട്ട ആത്മഹത്യയുടെ തലേന്നാൾ വാടക വീട്ടിൽ ഇറച്ചി പാചകം ചെയ്‌ത് കഴിച്ചതിന്റെ അവശിഷ്ടങ്ങൾ സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. ദുരന്തത്തിന് തൊട്ടുമുമ്പ് ഇരുവരും സന്തോഷത്തോടെയായിരുന്നോ അതോ എല്ലാം കരുതിക്കൂട്ടി ചെയ്‌തതാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇവിടെ നിന്നും ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.