photo

പാലോട്: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച പച്ച ഗവ: എൽ.പി.എസ്, പച്ച ക്ഷേത്രം, ഓട്ടുപാലം, പച്ച പാലുവള്ളി തലയ്ക്കൽ റോഡ് നിർമ്മാണം രണ്ട് വർഷം പിന്നിട്ടിട്ടും കാൽനടയാത്ര പോലും സാദ്ധ്യമാകാതെ ദുരവസ്ഥയിൽ തന്നെ തുടരുകയാണ്. 5,​250 മീറ്റർ നീളമുള്ള റോഡിനായി അഞ്ച് വർഷത്തെ മെയിന്റനൻസ് ഉൾപ്പെടെ അനുവദിച്ചത് കരാറായ നാല് കോടി രൂപയാണ്. മന്ത്രി എ.സി. മൊയ്തീൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് 2018ൽ ആണ്. റോഡ് വികസനത്തിനായ് പച്ച ക്ഷേത്രം മുതൽ പാലുവള്ളി തലയ്ക്കൽ വരെ പ്രദേശവാസികൾ ഒറ്റക്കെട്ടായി സ്ഥലം നൽകി. സ്വന്തം കിടപ്പാടത്തിന്റെ ഭാഗങ്ങൾ വരെ വിട്ടു നൽകിയാണ് പ്രദേശവാസികൾ റോഡ് നിർമ്മാണത്തോട് സഹകരിച്ചത്. പ്രധാന റോഡായ പച്ച ഗവ: എൽ.പി.എസ് ജംഗ്ഷൻ മുതൽ പയറ്റടി ബലിക്കടവ് പാലം വരെ ചിലരുടെ നിസഹരണം മൂലം സ്ഥലമെടുപ്പിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ റോഡിൽ കൂടിയുള്ള യാത്ര സാദ്ധ്യമാകണമെങ്കിൽ മാസങ്ങൾ വേണ്ടിവരും. വരാൻ പോകുന്ന പെരുമഴക്കാലത്തിന് മുൻപ് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ദുരന്തമായിരിക്കും ഫലമെന്ന് നാട്ടുകാർ പറയുന്നു. ഓട നിർമ്മാണത്തിനിടെ വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ടവരും ബുദ്ധിമുട്ടിലാണ്. റോഡ് നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കി എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ പി.രാജീവന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം പാലിച്ച് 8 മീറ്റർ വീതിയിൽ തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും ഇല്ലാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും ബി.ജെ.പി പറഞ്ഞു. വാട്ടർ അതോറിട്ടിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസവുമാണ് റോഡ് നിർമ്മാണത്തിലെ പ്രധാന തടസം. വാട്ടർ അതോറിട്ടി ഈ പ്രദേശങ്ങളിൽ സ്ഥാപിക്കേണ്ട പൈപ്പിനു വേണ്ടി വരുന്ന തുക കരാറുകാരൻ അടച്ചെങ്കിലും ജല വകുപ്പിലെ ജീവനക്കാരുടെ മെല്ലെപ്പോക്കാണ് പ്രധാന തടസമെന്നും അവർ പറഞ്ഞു.രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ച് ജനങ്ങളുടെ സുഗമമായ യാത്രക്ക് വേണ്ടി റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ജനകീയ സമരത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനു ജനമിത്ര അറിയിച്ചു.