bhaskaran-nair
photo

മലയാളികളുടെ സിനിമാ അവബോധം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മുന്നണി സാരഥിയായിരുന്നു കുളത്തൂർ ഭാസ്കരൻനായർ. 1965ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനൊപ്പമാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റി അദ്ദേഹം സ്ഥാപിച്ചത്. നടൻ ഗോപി,​ കരമന ജനാർദ്ദനൻ നായർ തുടങ്ങിയവർ ചിത്രലേഖയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിർമ്മാണരംഗത്തും മുദ്ര പതിപ്പിച്ചു. സ്വയംവരം, കൊടിയേറ്റം എന്നീ കഥാചിത്രങ്ങളും അനേകം ഹ്രസ്വചിത്രങ്ങളും നിർമ്മിച്ചു. ആക്കുളത്ത് ഒരു ഫിലിം സ്റ്റുഡിയോയും 1974ൽ ആരംഭിച്ചു. ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥാനായിരിക്കെ അവധിയെടുത്ത് മധുരയിലെ ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയപ്പോഴാണ് ഭാസ്ക‌രൻനായർ അടൂരിനെ പരിചയപ്പെടുന്നത്. അടൂർ സംവിധാനം ചെയ്ത 'സ്വയംവര'മാണ് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആദ്യത്തെ പ്രൊഡക്ഷൻ. 1980കളിൽ ചിത്രലേഖ എന്ന പേരുതന്നെ ഏറക്കുറെ അസ്തമിച്ചു. 1990കൾ ആയപ്പോഴേക്കും കുളത്തൂർ തികച്ചും ഏകാകിയായി മാറി. പൊതുസമൂഹത്തിലൊന്നും പ്രത്യക്ഷപ്പെടാതെ അദ്ദേഹം മാറിനിന്നപ്പോൾ ചിത്രലേഖ എന്ന പ്രസ്ഥാനവും കാലക്രമേണ ഓർമ്മയായി.

-----------------------------------

*ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിഫെസ്റ്റവൽ മുൻ ഡയറക്ടറാണ് ലേഖകൻ