തിരുവനന്തപുരം:കൊവിഡ് പാക്കേജിൽ ചെറുകിട കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്നേവരെ യാതൊരുവിധ സഹായങ്ങളും നൽകിയിട്ടില്ലെന്നും അടിയന്തരമായി ഇവർക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് കൊവിഡ് ആശ്വാസങ്ങൾ നൽകാത്ത കേന്ദ്ര സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവന്റെ മുന്നിഷ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട്,നെയ്യാറ്റിൻകര,ചിറയൻകീഴ് എന്നീ താലൂക്കുകളിലെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലും ധർണ നടത്തി. രാജ്ഭവനു മുന്നിലെ ധർണയിൽ ജനറൽ സെക്രട്ടറി വൈ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ധനീഷ് ചന്ദ്രൻ സ്വാഗതവും ഭാരവാഹികളായ വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, കുട്ടപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ജി.പി.ഒയ്ക്ക് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റ് പ്രസിഡന്റ് വാഹിനി സുധീർ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.നജീബ്, ട്രഷറർ വി. പരമേശ്വരൻ നായർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരം പങ്കെടുത്തു. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും സമിതി അംഗങ്ങൾ ധർണ നടത്തി.