കല്ലമ്പലം:ദേശീയപാത വികസനത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് പണിയാരംഭിച്ച ചാത്തൻപാറ ജംഗ്ഷൻ നവീകരണം ലോക്ക് ഡൗണിനുശേഷം വീണ്ടും തുടങ്ങി.ജോലികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായി ബി.സത്യൻ എം.എൽ.എ അറിയിച്ചു. കോളേജ്,സ്കൂൾ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ കൂടുതൽ പേരും ആശ്രയിക്കുന്ന നാലു റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.അപകട രഹിതമായ മാതൃകാ ജംഗ്ഷനാക്കി വികസിപ്പിക്കാനാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പഴയ റോഡിന്റെ ഭാഗം 50 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഉയരത്തിലിരുന്ന മണ്ണ്‍ നീക്കി റോഡിന്റെ പാർശ്വഭാഗങ്ങളിൽ നിരത്തി അപകടക്കെണികൾ ഒഴിവാക്കുന്ന പണികൾ പുരോഗമിക്കുന്നു. ആട്ടോ പാർക്കിംഗ്, ബസ്ബേ,ഫുഡ്പാത്ത് എന്നിവയ്ക്കും സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്.