സർക്കാർ - അർദ്ധ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ വേണ്ടിയാണ് സുശക്തമായ പി.എസ്.സി സംവിധാനം ഇവിടെ ഉള്ളത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര വലിപ്പമേറിയ സംവിധാനമാണ് സംസ്ഥാനത്തെ പി.എസ്.സിക്കുള്ളത്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ഏറെയുള്ളതുകൊണ്ട് പി.എസ്.സി വഴി ഏതെങ്കിലുമൊരു നിയമനം ലഭിക്കാൻ വേണ്ടി തപസ്സിരിക്കുകയാണ് യുവജനത ഒന്നടങ്കം. നിർഭാഗ്യവശാൽ സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുന്നതിലും വിഷമം പിടിച്ചതാണ് പി.എസ്.സി വഴി ഒരു നിയമനം തരപ്പെടുത്തുന്നത്.
എഴുത്തുപരീക്ഷയും അഭിമുഖവുമെല്ലാം കടന്ന് റാങ്ക് ലിസ്റ്റിൽ വല്ലവിധേനയും ഉൾപ്പെട്ടാലും നിയമനം ലഭിക്കാൻ ഭാഗ്യം തന്നെ കടാക്ഷിക്കേണ്ട സ്ഥിതിയാണു പലപ്പോഴുമുള്ളത്. പി.എസ്.സി സംവിധാനം നിലനിൽക്കെ തന്നെ സർക്കാർ വകുപ്പുകളിൽ മാത്രമല്ല സർക്കാർ ശമ്പളം നൽകുന്ന മറ്റു സ്ഥാപനങ്ങളിലും പുറംവാതിൽ നിയമനങ്ങൾ വൻതോതിൽ നടക്കുന്നതുകൊണ്ട് പി.എസ്.സി നിയമനം സ്വപ്നം കണ്ടുകഴിയുന്ന ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികളാണ് കബളിപ്പിക്കപ്പെടുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിൽ ഇത്തരത്തിൽ നടക്കാൻ പോകുന്ന അതിഭീമമായ തോതിലുള്ള ഒരു നിയമനക്കൊള്ളയെക്കുറിച്ച് 'കേരളകൗമുദി" മെയിൻ സ്റ്റോറി നൽകിരുന്നു. ഹെൽപ്പർമാരും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുമായി ആയിരത്തിലേറെ പേരെ കരാർ നിയമനം വഴി എടുക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. കൂടുതൽ പരാതികൾ ഒഴിവാക്കാൻ വേണ്ടിയാകാം നിരവധി മണ്ഡലങ്ങളിൽ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചിട്ടുള്ള കുടുംബശ്രീയെയാണ് റിക്രൂട്ട്‌മെന്റ് ദൗത്യം ഏല്പിച്ചിരിക്കുന്നത്. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് പ്രതിദിനം 740 രൂപയാണ് വേതനമായി നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ്പർക്ക് 645 രൂപയും. ഇവരുടെ യോഗ്യതയും നിയമനവുമായി ബന്ധപ്പെട്ട മറ്റു മാനദണ്ഡങ്ങളും നിശ്ചയിക്കാനുള്ള അധികാരം കുടുംബശ്രീക്ക് നൽകിയിരിക്കുകയാണ്. വൈദ്യുതി ബോർഡിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും മറ്റ് ബോർഡ് ഓഫീസുകളിലുമാകും ഇവർക്ക് നിയമനം നൽകുക. നിയമനങ്ങൾ താത്‌കാലികമെന്നാണു പറയുന്നത്. കരാർ പ്രകാരമുള്ള വേതനം ബോർഡ് കുടുംബശ്രീയെ ഏല്പിക്കുന്നതൊഴിച്ചാൽ മറ്റു ബാദ്ധ്യതകളൊന്നുമില്ലെന്നും വിശദീകരണവുമുണ്ട്. താത്‌കാലിക ജീവനക്കാരാണെങ്കിൽ പോലും അവരെ കണ്ടെത്തേണ്ടത് അംഗീകൃത സംവിധാനം വഴി വേണമെന്ന് നിബന്ധനയുള്ളപ്പോൾ ബോർഡ് എന്തിനാണ് വളഞ്ഞ വഴി തേടുന്നതെന്നതിലാണ് സംശയം ഉയരുന്നത്. സ്ഥിരം നിയമനങ്ങൾക്ക് പി.എസ്.സിയും താത്കാലിക നിയമനങ്ങൾക്ക് എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളും ഉള്ളപ്പോൾ ആയിരത്തിലേറെ വരുന്ന താത്‌കാലിക ഒഴിവുകളിലേക്ക് കുടുംബശ്രീ വഴി കൂട്ട നിയമനം നടത്തുന്നതിലെ നീതികേട് തിരിച്ചറിയാതെ പോകരുത്. നിയമനങ്ങളിൽ പാലിക്കേണ്ട സുതാര്യതയും നിഷ്‌പക്ഷതയും പൂർണമായും നഷ്ടപ്പെടുമെന്നതുകൊണ്ടാണ് ഇതുപോലുള്ള കരാർ നിയമനങ്ങൾക്കെതിരെ സാർവത്രികമായ പ്രതിഷേധം ഉയരാറുള്ളത്. ഇന്നത്തെ തൊഴിൽ സാഹചര്യങ്ങളിൽ ഏതാനും മാസത്തേക്കുള്ള കരാർ നിയമനമാണെങ്കിൽ പോലും വിപണിയിൽ അതിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. കരാർ നിയമനക്കാർ വർഷങ്ങളോളം ആ നിലയിൽ തുടരുന്നതും കാലക്രമേണ പലവിധ സ്വാധീനങ്ങൾ പ്രയോഗിച്ച് സ്ഥിരം നിയമനം നേടുന്നതുമൊക്കെ ഇവിടെ പതിവായി കാണുന്നതാണ്. മുപ്പത്താറു ലക്ഷത്തിൽപ്പരം അഭ്യസ്തവിദ്യരാണ് സംസ്ഥാനത്തെ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഇവരിൽ നല്ലൊരു സംഖ്യ മറ്റു തൊഴിൽ നേടി പോയിട്ടുണ്ടാകാമെങ്കിലും സർക്കാർ കണക്കിൽ ലിസ്റ്റിലുള്ളവരെല്ലാം തന്നെ തൊഴിൽരഹിതരാണ്. ഇവരിൽ നല്ലൊരു ഭാഗം തൊഴിലില്ലായ്മ വേതനം പറ്റുന്നവരുമാണ്. വൈദ്യുതി ബോർഡിന് അടിയന്തര ജോലികൾക്കായി താത്‌കാലിക ജീവനക്കാരെ ആവശ്യമായി വന്നാൽ ആ ദൗത്യം നിർവഹിക്കാൻ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിനു സാധിക്കും. അവിടെ നിന്നുള്ള ഒരു വിളിക്കായി പതിനായിരങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് ഒറ്റനോട്ടത്തിൽത്തന്നെ സംശയമുണർത്തുന്ന കൂട്ട നിയമനങ്ങൾക്കായി സർക്കാരിനു പുറത്തുള്ള ഒരു ഏജൻസിയുടെ സഹായം തേടുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ഇതുപോലുള്ള നിയമനങ്ങളുടെ കൂടപ്പിറപ്പാണെന്ന് അറിയാത്തവർ ചുരുങ്ങും. അതു മാത്രമല്ല വൈദ്യുതി ബോർഡിൽ ഇപ്പോഴുള്ള മുപ്പതിനായിരത്തിൽപ്പരം ജീവനക്കാർ തന്നെ ആവശ്യത്തിലുമധികമാണെന്ന റഗുലേറ്ററി കമ്മിഷന്റെ റിപ്പോർട്ട് ബോർഡിന്റെ അലമാരയിൽ ഇരിക്കുമ്പോഴാണ് കോടിക്കണക്കിനു രൂപയുടെ അധികച്ചെലവുണ്ടാക്കുന്ന ഈ താത്‌കാലിക നിയമനങ്ങൾ. പ്രവർത്തനച്ചെലവു കൂടുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ മേൽ അധികഭാരം അടിച്ചേല്പിക്കുക എന്ന നയം പിന്തുടരുന്ന ബോർഡ് ഇപ്പോഴത്തെ കൂട്ട നിയമനങ്ങൾക്കുള്ള സാധൂകരണം ജനങ്ങളുടെ മുമ്പാകെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ കുടുംബശ്രീ വെറുമൊരു മറയാകാം. ബുദ്ധികേന്ദ്രങ്ങൾ പിറകിൽ വേറെയും ഉണ്ടായിരിക്കാം. എന്തുതന്നെയായാലും സംശുദ്ധമല്ലെന്ന പ്രതീതി സൃഷ്ടിച്ചുകഴിഞ്ഞ ഈ കരാർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും വെളിപ്പെടുത്താൻ ബോർഡിന് ബാദ്ധ്യതയുണ്ട്.
വൈദ്യുതി ബോർഡിൽ മാത്രമല്ല പല സർക്കാർ വകുപ്പുകളിലും പിൻവാതിൽ നിയമനങ്ങൾ ധാരാളമായി നടക്കുന്നതിനാൽ പി.എസ്.സി റാങ്ക് പട്ടികകൾ നോക്കുകുത്തികളാകാറുണ്ട്. നിലവിൽ നൂറോളം ലിസ്റ്റുകൾ കാലാവധി കഴിയാറായി നിൽക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ കാലാവധി മൂന്നു മാസം നീട്ടിയവയാണ് ഈ റാങ്ക് പട്ടികകൾ. മാർച്ചിനും മേയ് മാസത്തിനുമിടയിൽ പത്തൊൻപതിനായിരത്തോളം ജീവനക്കാർ സർക്കാർ സർവീസിൽ നിന്നും വിരമിച്ചതായാണു കണക്ക്. പല കാരണങ്ങളാൽ നാലഞ്ചു മാസമായി പി.എസ്.സി നിയമനങ്ങൾ നിലച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗം സ്വപ്നം കണ്ടുകഴിയുന്ന യുവതീയുവാക്കളെ കുറച്ചൊന്നുമല്ല ഇതൊക്കെ നിരാശപ്പെടുത്തുന്നത്. ഇതിനിടയിലാണ് വൈദ്യുതി ബോർഡ് പോലുള്ള വലിയ സ്ഥാപനങ്ങളിൽ ഭീമമായ തോതിലുള്ള പിൻവാതിൽ നിയമനങ്ങൾക്ക് കളമൊരുങ്ങുന്നത്.