കടയ്‌ക്കാവൂർ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപന സാദ്ധ്യത കണ്ടെത്താൻ ഗ്രാമങ്ങളിലും റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. ജില്ലയിൽ ആദ്യഘട്ടം 1000 ടെസ്റ്റാണ് നടത്തുന്നത്. ആറ് താലൂക്കുകളിലും ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്‌നീഷ്യൻ എന്നിവർ ഉൾപ്പെട്ട മൂന്ന് വീതം ടീമുകളാണ് പരിശോധനയ്ക്ക് എത്തുന്നത്. ചിറയിൻകീഴ് താലൂക്ക് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ. അശ്വനി രാജ്, ഡോ. ആൻസി എന്നിവരുൾപ്പെട്ടതാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ടീം. വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയാണ് പരിശോധന നടത്തുന്നത്. താലൂക്കിൽ ഇതുവരെ 84 പേരെ പരിശോധിച്ചു. ആദ്യഘട്ടത്തിൽ 150 പേരെ പരിശോധിക്കാനാണ് തീരുമാനം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലായി 263 പേരാണ് ക്വാറന്റൈനിലുള്ളത്. അഞ്ചുതെങ്ങിൽ നിന്നുള്ള കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.