തിരുവനന്തപുരം: ഞായറാഴ്ച രാത്രി 12 മണിയായപ്പോഴാണ് പദ്മജ രാധാകൃഷ്ണന് വല്ലാത്ത വെപ്രാളവും ശ്വാസംമുട്ടലും അനുഭവപ്പെട്ടത്. വേഗത്തിൽ വെള്ളമെടുത്ത് നൽകിയ പരിചാരിക സരോജത്തോടു പദ്മജ പറഞ്ഞു: ''ഗിരിജ വന്നെന്നെ വിളിക്കുകയാണ്...'' പിന്നെ പതിയെ കണ്ണടച്ചു. ഏറെക്കാലമായി ഒപ്പമുള്ള സരോജം ഓടിച്ചെന്ന് എം.ജി.രാധാകൃഷ്ണന്റെ സഹോദരി ഓമനക്കുട്ടിയുടെ മുറിയിൽ മുട്ടി. ഓമനക്കുട്ടി എത്തി കുലുക്കിവിളിച്ചിട്ടും പദ്മജ ഉണർന്നില്ല. തൈക്കാട് മേടയിൽ വീട്ടിൽ കൂട്ടക്കരച്ചിൽ നിറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. കാരണം, ഹൃദയാഘാതം.
പദ്മജയുടെ ഇരട്ടസഹോദരി ഗിരിജ മരിച്ചത് ഡിസംബർ 27ന് അർദ്ധരാത്രി പിന്നിട്ടപ്പോഴാണ്. പദ്മജയെയും ഗിരിജയെയും കണ്ടാൽ ഒരുപോലിരിക്കും. ഉറക്കത്തിൽ ഹൃദയാഘാതമായിരുന്നു ഗിരിജയുടെ മരണകാരണം. ഒപ്പം കളിക്കുകയും ഒരുമിച്ച് പഠിക്കുകയും ചെയ്തിരുന്ന ഇരട്ടകൾ മാത്രമായിരുന്നില്ല അവർ. കഥയുടെയും കവിതയുടെയും ചിത്രരചനയുടെയും ലോകത്ത് പ്രവേശിച്ചതും ഒരുമിച്ചായിരുന്നു.
സഹോദരിയുടെ വിയോഗം മറക്കാൻ സംഗീതത്തെ കൂടുതൽ മുറുകെപ്പിടിക്കുകയായിരുന്നു പദ്മജ. ഏതാനും ദിവസം മുമ്പ് എല്ലാരും
ചൊല്ലണ്...എന്ന പാട്ട് മൗത്ത് ഓർഗനിൽ വായിച്ചത് പദ്മജ അടുപ്പമുള്ളവർക്കെല്ലാം അയച്ചുകൊടുത്തിരുന്നു. സരോജമാണ് അത് മൊബൈലിൽ പകർത്തിയത്. പദ്മജയുടെ പാട്ടുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചിത്രം ഒരുക്കാൻ സംവിധായകൻ പ്രസാദ് നൂറനാട് തീരുമാനിച്ചിരുന്നതാണ്.
നാലു വർഷത്തോളം സൂക്ഷിച്ച പ്രണയത്തിനൊടുവിലാണ് എം.ജി.രാധാകൃഷ്ണനെ വിവാഹം കഴിക്കുന്നത്. പദ്മജയുടെ ധാരാളം ലളിതഗാനങ്ങൾക്ക് എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയിരുന്നു. അതിൽ
''ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളൂ, മനതാരിൽ ആ മുഖം പതിഞ്ഞു പോയി...
ഒരു നേരം ഞാനൊന്നു കേട്ടേയുള്ളൂ. മധുരമാം സ്വരമെന്നിൽ ലയിച്ചു പോയി...'' എന്ന ഗാനം ഏവരുടെയും ഉള്ളിലുറയുന്നതാണ്. തന്റെ പതിനേഴാം വയസു മുതൽ അന്ന് എം.ജി.ആർ എന്നറിയപ്പെട്ടിരുന്ന എം.ജി.രാധാകൃഷ്ണനോട് ആരാധനയായിരുന്നുവെന്ന് പദ്മജ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന രാധാകൃഷ്ണന് പേര് വയ്ക്കാതെ ലളിതഗാനങ്ങൾ അയയ്ക്കുമായിരുന്നു. അത് ആകാശവാണിയിൽ ലളിതസംഗീത പാഠത്തിൽ കേൾക്കുകയും ചെയ്യുമായിരുന്നു. പദ്മജയാണ് അയയ്ക്കുന്നതെന്നറിഞ്ഞിട്ടു തന്നെയായിരുന്നു രാധാകൃഷ്ണൻ ആകാശവാണിയിലൂടെ കേൾപ്പിച്ചിരുന്നത് എന്ന് തിരിച്ചറിയുന്നിടത്താണ് പ്രണയം വിവാഹത്തിലേക്ക് എത്തുന്നത്.
'മണിച്ചിത്രത്താഴി'ലെ പഴംതമിഴ് പാട്ടിഴയും... എന്ന ഗാനം കംപോസ് ചെയ്യുന്നതിനിടയിൽ ഒരു തടസമുണ്ടായപ്പോൾ പദ്മജയുടെ നിർദ്ദേശ പ്രകാരമാണ് ബിച്ചുതിരുമല 'കനവു നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ...' എന്നെഴുതി ചേർത്തത്. ഭർത്താവിന്റെ മരണശേഷം ഒരു രാത്രിയിൽ പെട്ടെന്ന് വെപ്രാളപ്പെട്ട് എണീറ്റ് ഡയറിയിൽ എഴുതിയതാണ് 'നിന്നെ ഞാൻ കാണുന്നു' -എന്നു തുടങ്ങുന്ന ഗാനം. എം.ജയചന്ദ്രനാണ് ഈണം പകർന്നത്.