venjaramoodu

വെഞ്ഞാറമൂട്: നെടുമങ്ങാട് താലൂക്കിലെ പുല്ലമ്പാറ പഞ്ചായത്തിൽപ്പെട്ട വേങ്കമലക്കടുത്ത് വാലിക്കുന്ന് പ്രദേശത്തെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഇരുപതോളം കുട്ടികൾ ഇവിടെയുണ്ട്. കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലെെൻ ക്ലാസുകൾ ആരംഭിച്ചത് മുതൽ ഇവിടെയുള്ള വിദ്യാർത്ഥികളുടെ പഠനവും ആശങ്കയിലാണ്.

ഇവിടെയുള്ള 30 വീടുകളിൽ 10 വീട്ടിൽ മാത്രമാണ് ടെലിവിഷൻ ഉള്ളത്. ഇതിൽ തന്നെ പലതും ഉപയോഗിക്കാൻ കഴിയാത്തതുമാണ്. കാറ്റിലും മഴയിലും വെെദ്യുതി മുടങ്ങുന്നത് ഈ വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു ഇവിടെയുള്ള ഒരു വീട്ടിലും ഇന്റർനെറ്റ് കണക്ഷനും കംപ്യൂട്ടറും ഇല്ല.

പ്ലസ്ടു കംപ്യൂട്ടർ സയൻസിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് സ്വന്തമായി ഒരു കംപ്യൂട്ടർ എന്നത് ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മിക്ക കുട്ടികൾക്കും നോട്ടുബുക്കുകൾ വാങ്ങാൻ ശേഷിയില്ലാത്തതിനാൽ ഒരു ബുക്കിൽ തന്നെയാണ് എല്ലാ വിഷയങ്ങളും കുറിക്കുന്നത്. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ കൂലിപ്പണികൾ നഷ്ടപ്പെട്ടതോടെ മിക്ക വീടുകളിലും പട്ടിണിയാണ്. മക്കൾക്ക് പോഷകാഹാരങ്ങൾ നൽകി പരിപാലിക്കാൻ കഴിയാത്തതിനാൽ നെടുവീർപ്പിടുകയാണ് മാതാപിതാക്കൾ. വാലിക്കുന്ന് കോളനിയിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് തേമ്പാംമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലാണ്. സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ മാത്രമാണ് മിക്ക വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഭക്ഷണം ലഭിക്കുന്നതെന്ന് ഇവിടെയുള്ളവർ പറയുന്നു. പോഷകഹാര കുറവുമൂലം ചില കുട്ടികളിൽ വിളർച്ചയും കാണുന്നുണ്ട്. ഒറ്റപ്പെട്ട നിലയിൽ കാണുന്ന ഈ കുന്നിൻ പ്രദേശത്തെ ദുരിതപൂർണമായ ജീവിതം അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.