ശ്രീകാര്യം / വർക്കല: കല്ലമ്പലത്ത് നടന്ന സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി മുട്ടപ്പലം തുണ്ടുവിള വീട്ടിൽ ഷൈജുവാണ് (42) മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം
രണ്ടു വീടുകൾക്കിടയിലെ ഇരുപതടിയുള്ള കോൺക്രീറ്റ് മതിലിനു മുകളിൽ നെറ്റിട്ട് മറയ്ക്കാൻ നിർമ്മിച്ച മെറ്റൽ ഫ്രെയിമിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. സമീപത്തെ സ്വകാര്യബാങ്ക് കെട്ടിടത്തിന്റെ താഴെ മുതൽ മൂന്നാം നില വരെ രക്തത്തുള്ളികളുണ്ടായിരുന്നു. തൊട്ടടുത്ത് ആൾതാമസമില്ലാത്ത വീടിന്റെ രണ്ടാംനിലയിലെ കൈവരിയിലും പത്ത് എ.സി യൂണിറ്റിനു മുകളിലും രക്തം കട്ടപിടിച്ച് കിടപ്പുണ്ട്..
ഒന്നര വർഷം മുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഷൈജു പെയിന്റിംഗ് തൊഴിലാളിയാണ്.
ഞായറാഴ്ച പകൽ മൂന്നിന് കല്ലമ്പലം ജംഗ്ഷനിൽ ഷൈജുവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി ഷൈജു പരാതി നൽകിയിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടു. മൂക്കിന് വെട്ടേറ്റ ഇയാളെ നാട്ടുകാരാണ് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലുമെത്തിച്ചത്. മൂക്കിൽ തുന്നലിട്ട ശേഷം കാണാതാവുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ഭാര്യ സോനയും ബന്ധുക്കളും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി മടങ്ങി.
ഇന്നലെ രാവിലെ ബാങ്ക് കെട്ടിടത്തിന്റെ മുകൾ നിലയിലുള്ള ബ്യൂട്ടിപാർലർ തുറക്കാനെത്തിയ സ്ത്രീയാണ് ചോരപ്പാടുകൾ കണ്ടത്. മുകൾനിലയിൽ കയറി നോക്കിയപ്പോൾ ഒരു കൈ മതിലിനു പുറത്തേക്ക് തള്ളിനിൽക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചു. കെട്ടിടങ്ങളുടെ കോൺക്രീറ്റിന് ചാരം കെട്ടുന്ന കയറിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്ന മൃതദേഹം ഫയർഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മരുന്നും ഡ്രിപ്പും നൽകാനായി കൈയിൽ കുത്തിയിരുന്ന കാനുല കണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയുമായി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിയാനായത്. ശരീരത്തിലെ പരിക്കുകളും തൂങ്ങിനിന്ന സ്ഥലവും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ അറിയിച്ചു. ,മകൻ:കെവിൻ.പിതാവ് പരേതനായ സത്യൻ, മാതാവ് : വസന്ത