june15a

ആറ്റിങ്ങൽ:വിവാഹശേഷം നവവധുവിന്റെ വീട്ടിലേക്ക് പോയ സുഹൃത്തിനെ അമ്പരപ്പിക്കാൻ ആരെയും അറിയിക്കാതെ എത്തി സൗഹൃദം പങ്കുവച്ചു മടങ്ങിയ സംഘത്തിന്റ കാറിൽ പാൽ ടാങ്കർ വന്നിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ പാതയിൽ ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിക്ക് മുന്നിൽ ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.

കല്ലുവാതുക്കൽ സജീന മൻസിലിൽ നാസറുദ്ദീൻ- അബുസാ ബീവി ദമ്പതികളുടെ മകനും ഹസാര സൂപ്പർ‌ മാർക്കറ്റ് ഉടമയുമായ അസീം നാസർ (33)​,​ കല്ലുവാതുക്കൽ അടുതല നടയ്ക്കൽ പ്രിൻസിയത്തിൽ കുഞ്ചുരാമ കുറുപ്പ്- രാഗിണിഅമ്മ ദമ്പതികളുടെ മകൻ പ്രിൻസ് കെ. കുറുപ്പ് ( 33)​,​ കല്ലുവാതുക്കൽ അടുതല നടയ്ക്കൽ മനീഷ് ഭവനിൽ മണികണ്ഠൻ പിള്ള- വിജയകുമാരി ദമ്പതികളുടെ മകൻ മനീഷ്( 29)​ എന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ അസീം മാത്രമാണ് വിവാഹിതൻ.റസീനയാണ് ഭാര്യ. അസറ മകളാണ്.

പ്രിൻസ് ഡ്രൈവറാണ്. പ്രവാസിയായിരുന്ന മനീഷ് അടുത്തിടെ മടങ്ങിയെത്തി പാരിപ്പള്ളിയിലെ ഹാർഡ് വെയർ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.

നടയ്ക്കൽ വിഹാറിൽ സഹോദരങ്ങളായ വിപിൻ (30)​,​ വിനീത് ( 26)​,​ കല്ലുവാതുക്കൽ കലാനിലയത്തിൽ അഖിൽ (28)​,​ നടയ്ക്കൽ ആർ.എസ് നിവാസിൽ മഹേഷ് (മാലു -38)​,​ കല്ലുവാതുക്കൽ സുബി നിവാസിൽ സുബിൻ (29)​ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മഹേഷ്,​ സുബിൻ എന്നിവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കൊല്ലത്തുനിന്ന് പാലുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ടാങ്കർ. മംഗലപുരത്തെ വധുവിന്റെ വീട്ടിൽ നിന്ന് മടങ്ങിപ്പോവുകയായിരുന്നു ഇവർ. കാറിൽ എട്ടുപേരുണ്ടായിരുന്നു.

അഖിലാണ് ഫൊർച്യൂണർ കാർ ഓടിച്ചിരുന്നത്. ടാങ്കർ കുഴികണ്ട് വെട്ടിത്തിരിച്ചപ്പോൾ കാറിൽ വന്നിടിക്കുകയായിരുന്നു. തിരുനെൽവേലി സ്വദേശിയാണ് ടാങ്കർ ഓടിച്ചിരുന്നത്. തൊട്ടടുത്തുതന്നെയുള്ള ഫയർഫോഴ്സും ആറ്റിങ്ങൽ പൊലീസും പിന്നാലെ കല്ലമ്പലം പൊലീസും പാഞ്ഞെത്തി കാർ വെട്ടിപ്പൊളിച്ച് എല്ലാവരെയും പുറത്തെടുത്തെങ്കിലും അസീം നാസർ മരിച്ചിരുന്നു. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കാേളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻകൂടി നഷ്ടപ്പെട്ടു.