കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം, മഞ്ഞപ്പാറ വാർഡുകളിൽ വിളയിറക്കുന്നത് കർഷകരാണെങ്കിലും 'വിളവെടുക്കു"ന്നത് കാട്ടുമൃഗങ്ങൾ എന്ന അവസ്ഥയാണിപ്പോൾ. ഈ വാർഡുകളിലെ നൂറ്റി ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളാണ് കാട്ടുമൃഗങ്ങളുടെ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്നത്. പ്രദേശത്തെ നിരവധി സ്വകാര്യ വ്യക്തികളുടെ ഭൂമി കാടുകയറി കിടക്കുന്നതിനാൽ ഇവിടം കാട്ടുപന്നികളുടെയും പാമ്പുകളുടെയും വിഹാരകേന്ദ്രമായി മാറി. ഇവിടെ നിന്നു കാട്ടുമൃഗങ്ങൾ ജനവാസകേന്ദ്രത്തിലെത്തി കിഴങ്ങ്, ചേന, ചേമ്പ്, തേങ്ങ, പച്ചക്കറി മുതലായവ പൂർണമായും നശിപ്പിക്കുകയാണ്. പ്രദേശവാസികൾക്ക് വ്യാപക കൃഷിനാശം കൂടാതെ വീടിനു പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥയുണ്ട്. മാത്രമല്ല ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും കാൽനടയാത്രക്കാർക്കും കാട്ടുപന്നി ഭീഷണിയാകുന്നുണ്ട്. നിരവധി ഇരുചക്ര യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടു. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കിളിമാനൂർ സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരവും തൊളിക്കുഴി റോഡിന് ഇരുവശവും കാടുപിടിച്ചുകിടക്കുകയാണ്. ഇതുകാരണം ഇവിടെ എത്തുന്നവർക്കും പാമ്പുൾപ്പെടെയുള്ളവയുടെ ഭീഷണിയും രാത്രിയിലും പകലും പന്നി, കുരങ്ങ്, ഇഴജന്തുക്കൾ എന്നിവയുടെ ശല്യവും നേരിടേണ്ടി വരിന്നുണ്ട്. പലതവണ ഈ അവസ്ഥ ചൂണ്ടിക്കാട്ടി റസിഡന്റ്സ് അസോസിയേഷനുകളും പ്രദേശവാസികളും വസ്തു വൃത്തിയാക്കാൻ ഉടമസ്ഥരെ സമീപിച്ചെങ്കിലും ഉടമ പുരയിടം വൃത്തിയാക്കാൻ കൂട്ടാക്കിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രധാന ആവശ്യങ്ങൾ
തരിശ് ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് സുഭിക്ഷ പദ്ധതിക്കായി വിനിയോഗിക്കണം
കൃഷി സംരക്ഷിക്കാൻ സോളാർ ഫെൻസിംഗ് പോലുള്ളവ സ്ഥാപിക്കണം
പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ തുടങ്ങിയവയുടെ പരിസരം വൃത്തിയാക്കണം.
ദുരിതത്തിലായത് മഹാദേവേശ്വരം, മഞ്ഞപ്പാറ നിവാസികൾ
ശല്യം ഇവ
കാട്ടുപന്നി
കുരങ്ങ്
പാമ്പ്
മയിൽ
ദുരിതത്തിലായത് 125 ലധികം കുടുംബങ്ങൾ
സുഭിക്ഷ കേരളം പോലുള്ള പദ്ധതി നടപ്പിലാക്കിയാലും വന്യമൃഗ ശല്യം കാരണം കർഷകന് വിളവെടുപ്പ് നടത്താൻ പറ്റുമെന്ന് തോന്നില്ല. ഒരു മുളക് തൈപോലും നടാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശവാസികളുടെ കൃഷിയും സ്വൈര്യ ജീവിതവും ഉറപ്പാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണം.
ജെ.ജെ.സുധീർ, സെക്രട്ടറി,
കുറിവിള റസിഡന്റ്സ് അസോസിയേഷൻ