ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ ടി.ബി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ മൂന്ന് ജീവൻ പൊലിയുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണം സുരക്ഷാ ബോർഡുകളില്ലാതെ ആരംഭിച്ച റോഡ് വികസനമാണെന്ന് നാട്ടുകാർ പറയുന്നു.
സംഭവം ചർച്ചയായതോടെ അപകടസ്ഥലം ഉദ്യോഗസ്ഥരും ജനപ്രതിനിധി സംഘവും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ തീരുമാനിച്ചു.
ആറ്റിങ്ങൽ ദേശീയപാത വികസനം ആരംഭിച്ചപ്പോൾ തന്നെ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നുവന്നിരുന്നു. എന്നാൽ അത് അധികൃതർ ശ്രദ്ധിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചപ്പോഴാണ് അധികൃതർ ഉണർന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ച നിലയിലാണ്. വേഗതയിൽ വരുന്ന വാഹനം അടുത്തെത്തുമ്പോഴാണ് കുഴികൾ കാണുന്നത്. ഡ്രൈവർമാർ മറ്റൊന്നും നോക്കാതെ ഉടൻ വാഹനം വെട്ടിത്തിരിക്കുകയാണ് പതിവ്. എതിൽ ദിശയിൽ നിന്നും വരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്യും. ഈ രീതിയിൽ നിരവധി ചെറിയ അപകടങ്ങൾ നിത്യ സംഭവമായിരുന്നു ഇവിടെ.
കഴിഞ്ഞ ദിവസം അപകടം നടന്ന ടി.ബി.ജംഗ്ഷനിൽ വളവ് കൂടി ആയതിനാൽ അപകട സാദ്ധ്യത ഏറുകയാണ്. ഞായറാഴ്ച രാത്രിയിൽ ടാങ്കർ ലോറി ഡ്രൈവർ കുഴി കണ്ട് വെട്ടിത്തിരിച്ചതാണ് അപകട കാരണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് വികസന പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്താത്തതാണ് അപകട കാരണമെന്ന് മനസിലാക്കി ബി. സത്യൻ എം.എൽ.എയും ഉദ്യോഗസ്ഥരും തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ഇവിടെ രാത്രികാല അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ എം.എൽ.എയ്ക്ക് ഉറപ്പു നൽകി. ബി. സത്യൻ എം.എൽ.എ, ട്രാഫിക് സോൺ റൂറൽ എസ്.പി കൃഷ്ണകുമാർ, ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ ദിപിൻ, എൻ.എച്ച്. എ.എക്സ്.ഇ ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരം തീരുമാനിച്ചത്.