തിരുവനന്തപുരം: ഇൻസെന്റീവ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സ്വിഗ്ഗി ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാർ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായെങ്കിലും പൂർണമായി പിൻവലിക്കപ്പെട്ടില്ല. ലേബർ ഒാഫീസറുടെ സാന്നിദ്ധ്യത്തിൽ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒരുവിഭാഗം തൊഴിലാളികൾ വിസമ്മതം പ്രകടിപ്പിച്ചതാണ് കാരണം. ഒരുവിഭാഗം തൊഴിലാളികൾ ഇന്നുമുതൽ ജോലിക്ക് ഹാജരാകുമെന്നാണ് വിവരം. മറുവിഭാഗം പരാതിയുമായി ലേബർ കോടതിയെ സമീപിക്കുമെന്നാണ് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ നിന്ന് പാഴ്സലുകളും ഒാൺലൈൻ ഡെലിവറികളുമാണ് കൂടുതൽ നടക്കുന്നത്. അതിനാൽ സമരം ഹോട്ടലുകാരെയും സാരമായി ബാധിച്ചിരുന്നു.