നെടുമങ്ങാട് : കൊവിഡ് രോഗിയായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ താറടിച്ചു കാട്ടാനുള്ള സി.പി.എം ശ്രമം വിലപ്പോവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ കോളേജ് കൊവിഡ് വാർഡിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു പേർ ആത്മഹത്യ ചെയ്യാനിടയായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. മരിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് ആനാട്ട് എത്തിയ യുവാവിനെ തിരികെ മെഡിക്കൽ കോളേജിൽ എത്തിച്ചത് പാലോട് സി.ഐയുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ്. യുവാവിനെ തങ്ങൾ കല്ലെറിഞ്ഞെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്.സംഭവദിവസം എറണാകുളത്ത് കോടതി സംബന്ധമായ ആവശ്യത്തിന് പോയിരുന്ന തന്നെ പ്രതിസ്ഥാനത്ത് നിറുത്തി സി.പി.എം നടത്തുന്ന പ്രചാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നും നാടകം ജനങ്ങൾ തിരിച്ചറിയുമെന്നും ആനാട് ജയൻ വിശദീകരിച്ചു.