padmaja

ആദ്യമായി ഓർക്കസ്ട്രയ്ക്കൊപ്പം പാടുകയാണ് 12കാരനായ ഞാൻ. വേദി തിരുവനന്തപുരം പ്രിയദർശിനി ഹാൾ, ഒരാരാധിക സ്റ്റേജിന്റെ വശത്തു നിന്നു നടന്നു വന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്നു ചോദിച്ചു. പാട്ടിന്റെ ആദ്യ വരിയുമുണ്ട്, 'ചക്രവർത്തിനീ നിനക്കു ഞാനെന്റെ'. കഷ്ടി നാല് വരി മാത്രമെനിക്കറിയാം. സംശത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്റ്റേജിനു നേരെ മുന്നിൽ നടന്നു വന്ന് സാക്ഷാൽ എം.ജി. രാധാകൃഷ്ണൻ, 'ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും' എന്ന് ഉറക്കെ പ്രഖ്യാപിച്ചു.

പത്മജച്ചേച്ചിയായിരുന്നു എന്റെ ആദ്യത്തെ ഫാൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോടു തമാശിക്കുമ്പോൾ 'എക്കാലത്തേയും' എന്ന് ചേച്ചി തിരുത്തുമായിരുന്നു. ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് 84 ജൂലായിൽ ഒരു സിനിമയിലെ ആദ്യ നാലു വരികൾ പാടിച്ചു.

രാധാകൃഷ്ണൻ ചേട്ടന്റെ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എന്റെ സാന്നിദ്ധ്യം നിർബന്ധപൂർവം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്‌കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിദ്ധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും സംഗീതവും നൃത്തവും മാത്രമായിരുന്നു വിഷയങ്ങൾ. ഏതാനും മാസങ്ങൾക്കു മുൻപ് തന്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ ക്ഷീണിതയായി കണ്ടു. 'വേണു, എന്റെ ഒരു ചിറകൊടിഞ്ഞു' എന്ന് ചേച്ചി കണ്ണീർ വാർത്തിരുന്നു.