attappadi

തിരുവനന്തപുരം: ആറ് പതിറ്റാണ്ടിലേറെയായി ഫയൽക്കെട്ടിൽ കുരുങ്ങിക്കിടക്കുന്ന അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി, തമിഴ്നാടുമായി സമവായമുണ്ടാക്കി നടപ്പാക്കുന്നു.

സുപ്രീംകോടതി ഉത്തരവിലൂടെ കേരളത്തിന് ലഭ്യമായ 2.87ടി.എം.സി കാവേരിജലം ഉപയോഗപ്പെടുത്തി, 4255 ഹെക്ടർ തരിശുഭൂമിയിൽ ജലസേചനത്തിനും ആദിവാസികൾക്ക് കുടിവെള്ളമെത്തിക്കാനും വ്യവസായങ്ങൾക്കും സൗകര്യപ്രദമാവുന്നതാണ് പദ്ധതി.

ശിരുവാണി നദിക്ക് കുറുകെ 450മീറ്റർ നീളവും 52മീറ്റർ ഉയരവുമുള്ള ഡാം പണിയും. 74.27ഹെക്ടർ വനഭൂമി ഏറ്റെടുക്കുന്നതിന് പകരം ഭൂമി നൽകും. 294ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ, കാവേരിയിൽ നിന്ന് കേരളത്തിന് ഭവാനിപ്പുഴയിൽ ലഭിക്കേണ്ട ജലം പൂർണമായി വിനിയോഗിക്കാനാവും.

സമവായം

പറമ്പിക്കുളം-ആളിയാർ കരാറുണ്ടെങ്കിലും തമിഴ്നാട് വെള്ളം വിട്ടുനൽകാത്തതിനാൽ ചിറ്റൂർ പുഴയിലേക്ക് വെള്ളമെത്താതെ കൃഷിനാശവും കുടിവെള്ളക്ഷാമവും പതിവാണ്. പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം ഡാമുകളിൽ 16.5ടി.എം.സി ജലമെത്തിയാലേ ,കേരളത്തിന് 2.5 ടി.എം.സി ജലം തമിഴ്നാട് നൽകൂ. ഇത് കിട്ടാറേയില്ല. ആനമലയാറിൽ നിന്ന് കേരളം നൽകാമെന്നേ​റ്റ 2.5ടി.എം.സി വെള്ളം വിട്ടുനൽകണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചാണ് അട്ടപ്പാടി പദ്ധതിയിൽ സമവായം.

2018ൽ കേരളം തയ്യാറാക്കിയ വിശദപദ്ധതി രേഖയിൽ (ഡി.പി.ആർ) തമിഴ്നാട് തടസവാദം ഉന്നയിച്ചിരുന്നു. തുടർന്ന്, കാവേരി കേസിൽ സുപ്രീംകോടതി ഉത്തരവും കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് പുതിയ ഡി.പി.ആർ കേന്ദ്ര ജലക്കമ്മിഷന് സമർപ്പിച്ചതിനാൽ, തമിഴ്നാടിന്റെ തടസവാദങ്ങൾ നിലനിൽക്കില്ല. പദ്ധതിക്ക് അന്തിമാനുമതി പരിഗണനയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.പരിസ്ഥിതി ആഘാത പഠനം ആഗസ്റ്റിൽ പൂർത്തിയാക്കും.

അട്ടപ്പാടി വരുമ്പോൾ

ഏഴ് ദശലക്ഷം ലിറ്റർ കുടിവെള്ളം

47കി.മീ ദൂരം പൈപ്പിലൂടെ ജലസേചനം

500കോടി

പുതിയ ഡാം നിർമ്മാണച്ചെലവ്

തലമുറകൾ താണ്ടി

1958

ആദ്യത്തെ പരിസ്ഥിതി പഠനം

1971

പരിസ്ഥിതി റിപ്പോർട്ട്

1976

ശിരുവാണിപ്പുഴയിൽ ഡാം നിർമ്മാണം തുടങ്ങി

1982

നിർമ്മാണം നിലച്ചു, കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു

1984

പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു

2005

പുതിയ പരിസ്ഥിതി പഠനറിപ്പോർട്ട് കാവേരി ട്രൈബ്യൂണലിൽ‌

2007

കേരളത്തിന് കാവേരി ജലം കിട്ടിയതോടെ വീണ്ടും ഡാമിന് ശ്രമം

2012

ആഗസ്റ്റ് 22ന് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം

2016

മാർച്ചിൽ പദ്ധതി റിപ്പോർട്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്

2016

ഫെബ്രുവരിയിൽ പരിസ്ഥിതി ആഘാത പഠനം

2018

കേരളം ഡിപിആർ പുതുക്കി

2020

ഫെബ്രുവരിയിൽ പദ്ധതിരേഖ കേന്ദ്രജല കമ്മിഷന്

''പദ്ധതിക്ക് വേഗത്തിൽ കേന്ദ്രാനുമതി നേടിയെടുക്കും. കർഷകർക്കും ആദിവാസികൾക്കും വ്യവസായങ്ങൾക്കും ഒരു പോലെ ഗുണമുള്ളതാണ്.''

-കെ.കൃഷ്‌ണൻകുട്ടി

ജലവിഭവമന്ത്രി