വെള്ളനാട്: നീന്തലിലൂടെ പുതുതലമുറയുടെ ആരോഗ്യവും തൊഴിൽ സാദ്ധ്യതകളും മുന്നിൽക്കണ്ട് തുടങ്ങിയ വെള്ളനാട്ടെ നീന്തൽക്കുളം നശിക്കുന്ന കാഴ്ചയാണിപ്പോൾ കാണാനാകുക. നീന്തലിൽ ദേശീയ റെക്കാഡിനുടമകളായ വെള്ളനാട് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ, സംസ്ഥാന തലത്തിൽ നീന്തലിൽ ശ്രദ്ധ നേടിയവർ തുടങ്ങി നിരവധി പേർ ഇവിടെ നിന്നു നീന്തലിന്റെ ബാലപാഠങ്ങൾ കൈവശമാക്കിയവരാണ്. നീന്താനിറങ്ങി നേട്ടം കൊയ്തവർ ഏറെയുണ്ടെങ്കിലും നീന്തൽക്കുളം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ കാഴ്ചക്കാരാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സമീപത്തെ പല പ്രദേശങ്ങളിലും കുളങ്ങളും നീർച്ചാലുകളും സംരക്ഷണവും ശുചീകരണമൊക്കെ നടത്തിയെങ്കിലും വെള്ളനാട്ടെ നീന്തൽക്കുളത്തിന് മാത്രം ശാപമോക്ഷമായില്ല. ജില്ലാ - സംസ്ഥാന തല മത്സരങ്ങൾ നടത്തുന്നതിനുള്ള 50 മീറ്റർ ദൈർഘ്യമുള്ള ജില്ലയിലെ നീന്തൽക്കുളങ്ങളിൽ ഒന്നാണ് വെള്ളനാട്ടെ നീന്തൽക്കുളം. 2002-2003 കാലഘട്ടത്തിലാണ് വെള്ളനാട്ടെ കുളത്തിന്റെ നിർമ്മാണം പൂർത്തിയായത്. 2005ൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നീന്തൽക്കുളം കൂടുതൽ പ്രവർത്തനക്ഷമമായതോടെ വെള്ളനാട് പഞ്ചായത്ത് സ്വിമ്മിംഗ് ക്ലബ് രൂപവത്കരിച്ച് കുളത്തിന്റെ ചുമതല ഏറ്റെടുത്തു. സ്പോർട്സ് കൗൺസിലിൽ നിന്നു താത്കാലിക നീന്തൽ പരിശീലകനെ കൂടി ലഭിച്ചതോടെ ഇവിടെ നീന്തൽ പഠനത്തിന് തിരക്കായി. പിന്നീട് പല കാരണങ്ങളാൽ നീന്തൽ പരിശീലനം തടസപ്പെട്ടു. കണ്ണമ്പള്ളി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പഞ്ചായത്തിന്റെ അനുമതിയോടെ ഇവിടെ വെക്കേഷണൽ നീന്തൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് 460 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇവരിൽ പലരും പിന്നീട് ദേശീയ തലത്തിലെ താരങ്ങളുമായി. പിന്നീട് വൊക്കേഷൻ ക്യാമ്പ് നടത്താൻ ക്ലബുകാർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടു വർഷമായി നീന്തൽക്കുളം പരിപാലിക്കാൻ ആളില്ലാതെ കാടുകയറി ഇഴജന്തുക്കൾക്ക് താവളമായി മാറിയിരിക്കുകയാണ്.
പിന്നിട്ട നാൾ വഴികൾ
2002-2003 കാലഘട്ടത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ആറ്റുവീട്ടിൽ ചിറ നവീകരിച്ചാണ് വെള്ളനാട് പഞ്ചായത്ത് നീന്തൽക്കുളം നിർമ്മിച്ചത്. കേന്ദ്ര സർക്കാരിന്റെ തൊഴിൽദാന പദ്ധതിയിലൂടെ 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2002- ൽ തദേശ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ള നീന്തൽക്കുളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നിർവഹിച്ചു. 2005ൽ 15 ലക്ഷം രൂപ കൂടി വിനിയോഗിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും പ്രധാന കുളത്തോടൊപ്പം രണ്ടു ചെറിയ കുളങ്ങളും കുട്ടികളുടെ പരിശീലനത്തിനായി നിർമ്മിച്ചു. പിൽക്കാലത്ത് കുളത്തിന് ചുറ്റുമതിൽ, വൈദ്യുത ദീപങ്ങൾ, പരിശീലനത്തിന് എത്തുന്നവർക്ക് വസ്ത്രം മാറ്റുന്നതിനുള്ള മുറി, ശുചിമുറി എന്നിവ കൂടി സജ്ജമാക്കി. 2005ൽ കായിക മന്ത്രിയായിരുന്ന ഡൊമനിക് പ്രെസന്റേഷൻ പൂർണമായി നവീകരിച്ച നീന്തൽക്കുളം ഉദ്ഘാടനം ചെയ്തു.
2006 ൽ 4.5 ലക്ഷം രൂപ കൂടി ചെലവഴിച്ചു കുളത്തിന്റെ അറ്റകുറ്റ പണി നടത്തി. ഈ കാലയളവിൽത്തന്നെ പരിശീലകന് പ്രതിഫലം ലഭിക്കാതെ വന്നപ്പോൾ ഒന്നാംഘട്ട നീന്തൽ പരിശീലനത്തിനു തിരശീല വീണു. 45 ലക്ഷത്തിലധികം രൂപയാണ് കുളത്തിന്റെ നവീകരണത്തിനായി വിവിധ ഘട്ടങ്ങളിലായി ചെലവഴിച്ചത്. ഇതിനിടെ സമീപ പഞ്ചായത്തുകളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ ഇവിടെ നിന്നും പരിശീലനം നേടി.