വിതുര: മലയോര മേഖലയിലെ യുവതയുടെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വിതുര ഹൈസ്കൂളിന് കീഴിലെ പി.ടി. ഉഷ സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് ആധുനികവത്കരിക്കുന്നു. സ്റ്റേഡിയത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതി നടപ്പിലാകുന്നതോടെ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങൾ വിതുരയിലെ യുവജനങ്ങൾക്കും കായികപ്രതിഭകൾക്കും ലഭ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പ്രതിനിധീകരിക്കുന്ന പാലോട് ഡിവിഷനിലെ മുഖ്യ കായികകേന്ദ്രം കൂടിയാണിത്. നിർമ്മാണം പൂർത്തിയാകുന്ന പാലോട് പെരിങ്ങമ്മലയിലെ ഇൻഡോർ സ്പോർട്സ് ഹബ്ബിന് ശേഷം മലയോരമേഖലയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന മറ്റൊരു പ്രധാന കായികപദ്ധതിയാണ് പി.ടി. ഉഷ സ്റ്റേഡിയം നവീകരണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിതുര ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും നാട്ടിലെ ചെറുപ്പക്കാരുമെല്ലാം ഇവിടെയാണ് കായിക പരിശീലനം നടത്തിയിരുന്നത്. പിന്നീട് അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെ ശോചനീയാവസ്ഥയിലായതോടെ വിദ്യാർത്ഥികളും നാട്ടുകാരും സ്റ്റേഡിയം ഉപേക്ഷിച്ച മട്ടായി. മഴക്കാലമായാൽ സ്റ്റേഡിയം തടാകമായി മാറി ദിവസങ്ങളോളം ചെളി കെട്ടികിടക്കുമായിരുന്നു. സ്റ്റേഡിയത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്കൂൾ സന്ദർശിക്കുകയും സ്റ്റേഡിയം നവീകരിക്കാൻ ഫണ്ട് അനുവദിക്കുകയുമായിരുന്നു.
സൗകര്യപ്രദം ഈ സ്റ്റേഡിയം വിതുര ജംഗ്ഷന് അടുത്താണെന്നതും സമീപത്തെങ്ങും ഇത്ര സ്ഥലസൗകര്യമുള്ള കളിസ്ഥലമില്ല എന്നതും സ്റ്റേഡിയത്തെ ഈ പ്രദേശത്തെ യുവാക്കളുടെ ഇഷ്ട സ്ഥലമാക്കി മാറ്റി. ഇടക്കാലത്ത് വിതുര ഫെസ്റ്റ്, ഉപജില്ലാ യുവജനോത്സവം പോലുള്ള പരിപാടികൾക്കും ഇവിടം മുഖ്യവേദിയായിരുന്നു.
സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത് - 1987 ൽ അനുവദിച്ചത് - 1.48 കോടി രൂപ
നവീകരണ പദ്ധതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ട് മിനി ജിംനേഷ്യം ഗ്രീൻ ഫുട്ബാൾ ഫീൽഡ് 750 സീറ്റ് ടോയ്ലെറ്റുകൾ, സ്റ്റോർ മുറികൾ
|