തിരുവനന്തപുരം: പ്രശസ്ത സിനിമാ സംഗീതസംവിധായകൻ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ തൈക്കാട് മേടയിൽ വീട്ടിൽ പദ്മജാ രാധാകൃഷ്ണൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 12.30 നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ശാന്തികവാടത്തിൽ.
. നിരവധി ലളിതഗാനങ്ങളുടെയും ചലച്ചിത്രഗാനങ്ങളുടെയും കർത്താവായ പദ്മജ ചിത്രകാരിയും ഫിലിം സെൻസർബോർഡ് അംഗവുമായിരുന്നു. ഇരട്ട സഹോദരങ്ങളായ പദ്മജയുടെയും ഗിരിജയുടെയും നിരവധി ചെറുകഥകളും കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ആകാശവാണിക്കു വേണ്ടി പദ്മജ രചിച്ച ലളിതഗാനത്തിന് എം.ജി. രാധാകൃഷ്ണൻ സംഗീതം നിർവഹിച്ചിരുന്നു. ഗാനങ്ങളോടും സംഗീതത്തോടുമുള്ള ആഭിമുഖ്യം ഇരുവരുടെയും വിവാഹത്തിന് വഴിതെളിയിച്ചു. 35 കൊല്ലം എം.ജി.രാധാകൃഷ്ണന്റെ ജീവിതത്തിലും സംഗീതലോകത്തും സഹയാത്രികയായിരുന്ന പദ്മജ അദ്ദേഹം നടത്തിയിരുന്ന 'സംഗീതസ്മൃതി' എന്ന വിദ്യാലയത്തിന് ചുക്കാൻ പിടിച്ചിരുന്നു. 2011 ൽ എം.ജി. രാധാകൃഷ്ണന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ വർഷംതോറും നടത്തുന്ന 'ഘനശ്യാമസന്ധ്യ' എന്ന അവാർഡ് നിശയ്ക്ക് പദ്മജയാണ് നേതൃത്വം നൽകിയിരുന്നത്. തലസ്ഥാനത്തെ കലാസാംസ്‌കാരിക സദസുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു.
മക്കൾ: എം.ആർ. രാജാകൃഷ്ണൻ (പ്രസിദ്ധ സൗണ്ട് എൻജിനിയർ, ചെന്നൈ), കാർത്തിക (ഗൾഫ്). മരുമക്കൾ: മഞ്ജു, വിനോദ് (ഗൾഫ്). ഗായകൻ എം.ജി.ശ്രീകുമാർ, സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവർ ഭർതൃസഹോദരങ്ങളാണ്. സംഗീത സംവിധായകൻ കൂടിയായ മകൻ രാജാകൃഷ്ണൻ ഈണമൊരുക്കിയ മിസ്റ്റർ ബീൻ ദി ലാഫ് റയറ്റ് എന്ന ചിത്രത്തിലെ നാലു പാട്ടുകളുടെ രചന നിർവഹിച്ചത് പത്മജയാണ്.
കണ്ണൂർ ചിറയ്ക്കൽ സ്വദേശി ഖാദിബോർഡ് മുൻ സെക്രട്ടറി നീലകണ്ഠൻ നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും ഇളയ മകളായ പദ്മജ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂൾ, ഗവ. വിമെൻസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. സഹോദരങ്ങൾ: പരേതയായ രാജലക്ഷ്മി, ഡോ.എം.പി.ചന്ദ്രശേഖരൻ (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് ആർ.ഇ.സി), ഡോ.എം.പി.ദിവാകരൻ (മുൻ മെഡിസിൻ പ്രൊഫസർ, ആലപ്പുഴ, മെഡിക്കൽകോളേജ്), എം.പി. മുരളീധരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ), പരേതയായ ഗിരിജാ രവീന്ദ്രനാഥൻ.