കൊച്ചി: ആനുകൂല്യങ്ങളില്ല, സഹായങ്ങളില്ല. നിയന്ത്റണങ്ങളോടെ ലോക്കഴിഞ്ഞെങ്കിലും ലോട്ടറി വില്പനക്കാരുടെ ജീവിതം തീരാദുരിതത്തിൽ തന്നെ. കഴിഞ്ഞ ദിവസമാണ് ദാരിദ്റ്യം മൂലം ലോട്ടറി വില്പനക്കാരൻ കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് ഷാജി ആത്മഹത്യ ചെയ്തത്. ലോട്ടറി വില്പന പുനരാംഭിച്ചെങ്കിലും ഭാഗ്യന്വേഷികളുടെ കുറവ് കച്ചവടത്തെ സാരമായി ബാധിച്ചു.
വില്പനയ്ക്കായി എത്തിച്ച ടിക്കറ്റെല്ലാം കെട്ടികിടക്കുകയാണ്. അത് തിരിച്ചെടുക്കാനോ പരിഹാരം കാണാനോ സർക്കാർ തയ്യാറായിട്ടില്ല. പട്ടിണി മറികടക്കാൻ ലോട്ടറി വില്പനയോടൊപ്പം മാസ്‌ക്, സാനിറ്റൈസർ, ചിപ്‌സ് തുടങ്ങിയവ വിറ്റ് ബദൽ മാർഗങ്ങൾ കണ്ടെത്തുകയാണിവർ.
തീരാദുരിതം
മാർച്ച് 1ന് ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയിൽ നിന്ന് 40 രൂപയാക്കി. മാർച്ച് 21വരെ വില്പന നടന്നെങ്കിലും ആവശ്യക്കാർ കുറവായിരുന്നു. ലോക്ക്ഡൗണിൽ ഒരു ബംബർ ഉൾപ്പെടെ എട്ട് നറുക്കെടുപ്പുകൾ നിർത്തലാക്കിയപ്പോൾ ഒരു കോടിയോളം രൂപയുടെ ലോട്ടറി ടിക്കറ്റ് വില്പന നടത്തിയിരുന്നു. വില്പന പുനരാംഭിച്ചപ്പോൾ ഇവയുടെ സമ്മാനത്തുക ആർക്കും ലഭിച്ചില്ല. കേരളത്തിലെ എല്ലാ ട്രേഡ് യൂണിയനുകളും ഈ ടിക്കറ്റുകൾ റദ്ദ് ചെയ്ത് പുതിയത് അടിക്കണമെന്ന് ആവശ്യപ്പട്ടെങ്കിലും 30 ശതമാനം ടിക്കറ്റ് മാത്രമെ തിരിച്ചെടുത്തുള്ളൂ. ചില മേഖലകൾ റെഡ് സോൺ ആയതോടെ വില്പന നടക്കാത്ത സ്ഥിതിയായി. 25 കോടിയോളം രൂപയുടെ നഷ്ടമാണ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ രണ്ട് ലക്ഷത്തോളം ലോട്ടറി വില്പന തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്.
'ജി.എസ്.ടി നേരിട്ട് പണമായി നൽകണമെന്ന നിബന്ധന ലോട്ടറി ഏജന്റുമാരെ വലയ്ക്കുകയാണ്. ലോട്ടറി എടുക്കാൻ പറ്റാതെ ഒരു വിഭാഗം ഏജന്റുമാർ കഷ്ടപ്പെടുന്നു. വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്കിൽ വില്പനയും അസാദ്ധ്യമാണ്.നൂറ് ടിക്കറ്റ് വിറ്റിരുന്ന ഏജന്റിന് ഇപ്പോൾ 30 ടിക്കറ്റ് പോലും വില്ക്കാൻ സാധിക്കുന്നില്ല. ഭിന്നശേഷിക്കാർ, രോഗികൾ, പ്രായമായവർ, വിധവകൾ തുടങ്ങിയ ദുർബല വിഭാഗക്കാരാണ് ലോട്ടറി വില്പനക്കാർ. അഞ്ച് കോടി രൂപയാണ് കെട്ടിക്കിടക്കുന്ന ലോട്ടറികൾ വില്ക്കാനായി പരസ്യം നൽകാൻ ചിലവഴിച്ചത്. അപ്പോഴും തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണ്.'
ജയിംസ് അധികാരം
ജില്ലാ പ്രസിഡന്റ്
കേരളാ ലോട്ടറി ഏജൻസ് അസോസിയേഷൻ
'സർക്കാരിനോട് 5000 രൂപ ധനസഹായം ആവശ്യപ്പെട്ടങ്കിലും 2000 രൂപയെ ലഭിച്ചുള്ളു. ലോട്ടറി ടിക്കറ്റുകളൊന്നും ആരും വാങ്ങുന്നില്ല. ജൂലായ് ഒന്ന് മുതൽ ടിക്കറ്റ് വില 20 രൂപയാക്കി കുറച്ച് കൂടുതൽ ടിക്കറ്റുകൾ വിൽക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്നതാണ് ഞങ്ങളുടെ ആവശ്യം.'
ഗോപാലകൃഷ്ണൻ
ലോട്ടറി ഏജന്റ്
ആവശ്യങ്ങൾ
ടിക്കറ്റ് വില 20 രൂപയാക്കി കുറക്കണം
അടിച്ച ടിക്കറ്റിന്റെ സമ്മാനതുക നൽകണം
ജി.എസ്.ടി പണമായി അടക്കാനുള്ള നിബന്ധന മാറ്റണം
റെഡ് സോണുകളിലെ ഏജന്റുമാരിൽ നിന്ന് ടിക്കറ്റ് തിരിച്ചെടുക്കണം